DISTRICT NEWS

കരിങ്കല്‍ ക്വാറി : ദുരിത പര്‍വ്വം പേറി ജനം; കണ്ണടച്ച് അധികാരികള്‍

രാജപുരം : ജനജീവിതം ദുസഹമാക്കുന്നുവെന്ന പരാതിയില്‍ നിര്‍ത്തിയ ക്വാറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. മലയാറ്റുകരയില്‍ രണ്ടു മാസം മുന്‍പ് ആരംഭിച്ച വന്‍ മാഫിയയുടെ നേതൃത്വത്തിലുളള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനമാണ് ജനങ്ങളെ സമരമുഖത്തേയ്ക്ക്് തളളിവിടാന്‍ സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം കോടോം-ബേളൂര്‍ പഞ്ചായത്തിലെ 3 വാര്‍ഡുകളിലെ ജനങ്ങളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ 14,15,16 വാര്‍ഡുകളിലെ 1200 ഓളം വരുന്ന കുടുംബങ്ങളെയാണ് ഈ ക്വാറിയുടെ പ്രവര്‍ത്തനം പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത്. ചെറിയ തോതില്‍ അത്യാധുനിക ഉപകരണങ്ങളില്ലാതെ ഏതാനും വര്‍ഷം പ്രവര്‍ത്തിക്കുകയും പിന്നീട് നിര്‍ത്തുകയും ചെയ്ത ക്വാറിയാണ് ഇപ്പോള്‍ വന്‍ മാഫിയയുടെ നേതൃത്വത്തില്‍ ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ക്വാറിയുടെ പ്രവര്‍ത്തനം പലവിധത്തില്‍ ജനജീവിതത്തെ ബാധിക്കുന്നതായും ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ നടപടിയാവശ്യപ്പെട്ട് 500 ഓളം കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം അധികാരികള്‍ക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 50ഓളം കുട്ടികള്‍ ജില്ലാ കലക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഭരണസമിതി യോഗത്തിലാണ് ക്വാറിക്കുളള പ്രവര്‍ത്തനാനുമതി നല്‍കിയതെന്നും ആരോപണമുണ്ട്. വലിയൊരു പ്രദേശത്തെ ജനങ്ങളുടെ ഭാവി ജീവിത ബാധിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ ജനകീയ സമരത്തിനൊരുങ്ങുകയാണ് ജനങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *