NATIONAL NEWS

പ്രശസ്ത ഗായിക ആശാ ഭോസ്ലെ അന്തരിച്ചു

മുംബൈ : പ്രശസ്ത ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം നാളെ നടക്കും.
എട്ട് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞുനിന്ന വിസ്മയ നാദമാണ് വിടവാങ്ങിയത്. 12,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘ഉംറാവോ ജാന്‍’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടി. 2000-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണ്‍ പുരസ്‌കാരവും ആശാ ഭോസ്ലെയെ തേടിയെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായിക എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ്
വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്. ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ്. 1997-ല്‍ ഉസ്താദ് അലി അക്ബര്‍ ഖാനുമൊത്തുള്ള ‘ലെഗസി’ എന്ന ആല്‍ബത്തിലൂടെയായിരുന്നു ഇത്. 2006-ല്‍ ‘യു ഹാവ് സ്റ്റോളന്‍ മൈ ഹാര്‍ട്ട്’ എന്ന ആല്‍ബത്തിലൂടെ വീണ്ടും ഗ്രാമി നാമനിര്‍ദേശം ലഭിച്ചു.
മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ 17 അവാര്‍ഡുകളും അവരെ തേടിയെത്തി. സാഹിത്യത്തില്‍ അമരാവതി സര്‍വകലാശാല, ജല്‍ഗാവ് സര്‍വകലാശാല എന്നിവയില്‍ നിന്നും കലയില്‍ സല്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കലയിലെ മികച്ച സംഭാവനക്ക് ഫ്രെഡി മെര്‍ക്കുറി അവാര്‍ഡ് കരസ്ഥമാക്കി. 2002 നവംബറില്‍ ബര്‍മിങ്ഹാം ഫിലിം ഫെസ്റ്റിവല്‍ പ്രത്യേക ആദരം നല്‍കി. 2021-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മഹാരാഷ്ട്ര ഭൂഷണ്‍ നല്‍കി ആദരിച്ചു

ജോധ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ആദ്യത്തെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ (ഡി ലിറ്റ്) പുരസ്‌കാരം നേടിയത് ആശാ ഭോസ്ലെയാണ്. 2015-ലെ ബി ബി സിയുടെ 100 പ്രചോദനാത്മക വനിതകളുടെ പട്ടികയിലും ഇടം നേടി.
അന്തരിച്ച ചലച്ചിത്ര പിന്നണി ഗായിക ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപതംബര്‍ എട്ടിന് ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലാണ് ആശ ജനിച്ചത്. മാതാവ്: ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
1943-ല്‍ പത്താമത്തെ വയസ്സിലാണ് ആശാ ഭോസ്ലെയുടെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തത്. ‘മാഝാ ബാല്‍’ എന്ന ചലച്ചിത്രത്തില്‍ ‘ചലാ ചലാ നവ് ബാലാ’ എന്ന ഗാനം പാടിയാണ് ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. തന്റെ ദീര്‍ഘകാലം നീണ്ട് സംഗീത സപര്യക്കിടയില്‍ ഗസലുകള്‍ മുതല്‍ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ വരെ ആശ ആലപിച്ചു. മലയാളത്തിലും അവര്‍ ഗാനമാലപിച്ചു. സുജാത എന്ന ചിത്രത്തിലെ രവീന്ദ്ര ജയിന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘സ്വയംവര ശുഭദിന മംഗളങ്ങള്‍’ എന്ന ഗാനമാണ് ആശ മനോഹരമായി പാടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *