ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ഇസ്‌റാഈല്‍, ഇറാന്‍, യു എസ് രാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറപ്പുനല്‍കി.
പാര്‍ലമെന്റില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവരും വിവിധ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു. യുദ്ധം മൂലമുണ്ടാകാനിടയുള്ള നയതന്ത്ര, തന്ത്രപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഇന്ധനവുമായി കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും എല്‍ പി ജി യുടെയും വിതരണത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയുടെ എല്‍ പി ജി ആവശ്യത്തിന്റെ 60 ശതമാനവും ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെയാണ് നികത്തുന്നത്. ബാക്കിയുള്ളവ ഇറക്കുമതിയിലൂടെ കൃത്യമായി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
അതേസമയം, വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തിന്റെ ഫോര്‍മാറ്റില്‍ അതൃപ്തി രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധി ആശുപത്രിയിലായതിനാല്‍ യോഗത്തില്‍ പങ്കെടുത്തില്ല. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളും യോഗത്തിന് എത്തിയില്ല.





