തിരുവനന്തപുരം : മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. 2025 ഒക്ടോബറില്‍ നിയമസഭ പാസാക്കിയ ബില്ലാണിത്. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കും. സര്‍വകലാശാല പാഠ്യക്രമങ്ങളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കും.
കേരള ഔദ്യോഗിക ഭാഷാ ആക്ട് 1969 പ്രകാരം സംസ്ഥാനത്ത് ഇതുവരെ ഇംഗ്ലീഷും മലയാളവുമായിരുന്നു ഔദ്യോഗിക ഭാഷ. എന്നാല്‍ ഇപ്പോള്‍ മലയാളം മാത്രമാണ് ഔദ്യോഗിക ഭാഷയാക്കിയിരിക്കുന്നത്. കോടതി ഭാഷ, സര്‍ക്കാര്‍ ഉത്തരവ് എന്നിവയെല്ലാം പൂര്‍ണമായും മലയാളത്തിലേക്ക് മാറ്റും. പിഎസ്സി പരീക്ഷകളും മലയാളത്തിലേക്ക് മാറ്റും. ചില പരീക്ഷകള്‍ മാത്രമായിരിക്കും മറ്റ് ഭാഷകളിലും വരുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്. എന്നാലത് ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നില്ല. പിന്നീട് കേരള കേരളം ആക്കിയതോടെ സാസ്‌കാരിക നേതാക്കള്‍ മോദിയെ നേരില്‍ കണ്ട് നന്ദി പറഞ്ഞിരുന്നു. അന്ന് ഈ ബില്ലിനെക്കുറിച്ചും അവര്‍ സംസാരിച്ചു. ഇതിനു പിന്നാലെയാണ് ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത്.





