അമേരിക്കയും ഇസ്റാഈലും ഇറാനില്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ ആഗോള വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന് സംഘര്‍ഷം തുടര്‍ന്നാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന പ്രധാനപ്പെട്ട 5 മേഖലകള്‍ താഴെ പറയുന്നവയാണ്.
പെട്രോള്‍, ഡീസല്‍
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ഗണ്യമായി ഉയര്‍ന്നു. ഇത് വരും ദിവസങ്ങളില്‍ ഇന്ത്യയിലുള്‍പ്പെടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമാകും.
ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും
ഇന്ധന വില വര്‍ധിക്കുന്നത് ഗതാഗത ചെലവ് കൂട്ടും. ഇത് ചരക്ക് നീക്കത്തെ ബാധിക്കുന്നതോടെ പച്ചക്കറികള്‍, അരി, പരിപ്പ് വര്‍ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ തോതില്‍ വില കൂടാനിടയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഉള്ളി, അരി കയറ്റുമതിയെയും ഈ സാഹചര്യം പ്രതികൂലമായി ബാധിക്കും.
പാചകവാതകവും വൈദ്യുതിയും
പ്രകൃതി വാതകത്തിന്റെ പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായ മിഡില്‍ ഈസ്റ്റിലെ അസ്ഥിരത എല്‍ പി ജി വിലയെയും ബാധിക്കും. ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കുന്നതോടെ വൈദ്യുതി ബില്ലുകളിലും വര്‍ധനവ് ഉണ്ടായേക്കാം.
സ്വര്‍ണ്ണവും വെള്ളിയും
യുദ്ധം പോലുള്ള അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപകര്‍ മാറുന്നത് പതിവാണ്. ഫെബ്രുവരി അവസാന വാരം മുതല്‍ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പവന് അയ്യായിരം രൂപയിലധികം വര്‍ധനവ് സ്വര്‍ണ്ണ വിപണിയിലുണ്ടായിട്ടുണ്ട്.
വിമാന ടിക്കറ്റ് നിരക്ക്
ക്രൂഡ് ഓയില്‍ വില കൂടുന്നത് വിമാന ഇന്ധനമായ എ ടി എഫ് വില ഉയരാന്‍ കാരണമാകും. വിമാനക്കമ്പനികള്‍ ഈ അധിക ബാധ്യത ടിക്കറ്റ് നിരക്കിലൂടെ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതോടെ വിദേശയാത്രകള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും വന്‍ തുക ചിലവഴിക്കേണ്ടി വരും.
യുദ്ധം ദീര്‍ഘകാലം നീണ്ടുപോയാല്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയെയും ഇത് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.





