NATIONAL NEWS

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്: ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് ഹെലികോപ്ടറിലാകും മേപ്പാടിയിലെത്തുക. മേപ്പാടിയിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചേക്കും. സന്ദര്‍ശനത്തിന്റെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങളും ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി സംഘം വയനാട്ടിലെത്തും. കേരളത്തിലേക്ക് ഒരു സാങ്കേതിക സംഘത്തെ പ്രധാനമന്ത്രി അയക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട് .വയനാട്ടിലെത്തുന്ന എസ് പി ജി സംഘം മേഖലയില്‍ പരിശോധന നടത്തും. അതോടൊപ്പം നിര്‍ണ്ണായക യോഗങ്ങളും നടക്കും. പ്രധാനമന്ത്രി കേരളത്തിലെ ദുരന്ത ഭൂമി സന്ദര്‍ശിക്കാത്തതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് പാര്‍ലമെന്റില്‍ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കേരളവും നോക്കിക്കാണുന്നത്. ദുരന്തം നേരിട്ട വയനാടിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോയെന്നും സംസ്ഥാനം ഉറ്റുനോക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *