ന്യൂഡല്‍ഹി : ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക ഡ്രോണ്‍ എം ക്യൂ 4സി ട്രൈറ്റണ്‍ കാണാതായി. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ള നിരീക്ഷണ വിമാനങ്ങളില്‍ ഒന്നാണിത്. ഏകദേശം 200 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡ്രോണാണ് അപ്രത്യക്ഷമായത്. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും മൂന്ന് മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിന് ശേഷം ഇറ്റലിയിലെ നാവിക താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ഫ്‌ലൈറ്റ് റഡാര്‍ 24 നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഡ്രോണ്‍ പെട്ടെന്ന് ഇറാന്‍ ലക്ഷ്യമാക്കി തിരിയുകയും പിന്നാലെ അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കുന്ന കോഡ് 7700 സന്ദേശം അയക്കുകയും ചെയ്തു. തുടര്‍ന്ന് വലിയ വേഗതയില്‍ താഴ്ന്നു പറന്ന ഡ്രോണ്‍ റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതാണോ അതോ സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നു വീണതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അമേരിക്കയും ഇസ്‌റാഈലും തമ്മില്‍ ഗതാഗതത്തിനായി ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കാന്‍ ധാരണയായി രണ്ട്
ദിവസത്തിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. സമുദ്ര നിരീക്ഷണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണാണ് എം ക്യൂ 4സി ട്രൈറ്റണ്‍. 50,000 അടിക്ക് മുകളില്‍ ഉയരത്തില്‍ 24 മണിക്കൂറിലധികം തുടര്‍ച്ചയായി പറക്കാന്‍ ഇതിന് സാധിക്കും. 7,400 നോട്ടിക്കല്‍ മൈല്‍ വരെ ദൂരപരിധിയുള്ള ഈ ഡ്രോണ്‍ പി 8എ പോസിഡണ്‍ വിമാനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായിട്ടാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നിലവില്‍ യു എസ് നേവിയുടെ പക്കല്‍ 20 ഡ്രോണുകളാണുള്ളത്. ഏഴെണ്ണം കൂടി വാങ്ങാന്‍ അവര്‍ക്ക് പദ്ധതിയുണ്ട്.





