NATIONAL NEWS

രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നു;അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികള്‍ മരിച്ചു

ജയ്പുര്‍: രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികള്‍ മരിച്ചു. മരിച്ച കുട്ടികള്‍ രണ്ട് വയസിനും നാല് വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. സലുമ്പാര്‍ ജില്ലയിലെ ഘാട്ട, ലാല്‍പുര ഗ്രാമങ്ങളിലാണ് അജ്ഞാതരോഗം പടരുന്നത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്.
ഗ്രാമങ്ങളില്‍ ആര്‍എന്‍ടി മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ വിപുലമായ പരിശോധനകള്‍ നടക്കുന്നുണ്ട്. ആളുകളുടെ രക്തത്തിന്റെ സാമ്പിളുകളും പ്രദേശത്തെ ജലസ്രോതസില്‍ നിന്നുള്ള സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. രോഗം പകരുന്നത് എങ്ങനെയാണെന്നോ രോഗത്തിന്റെ കാരണം എന്താണെന്നോ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മരിച്ച കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും ഉണ്ടായിരുന്നു. രണ്ട് കുട്ടികള്‍ ഏപ്രില്‍ ഒന്നിനും മൂന്ന് കുട്ടികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവുമാണ് മരിച്ചത്. എത്രയും പെട്ടെന്ന് രോഗകാരണം
കണ്ടെത്തുമെന്നും പ്രതിരോധിക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *