NATIONAL NEWS

അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം തുടരവെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായകമായ പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരായ ആക്രമണങ്ങളിലെ ആശങ്ക പ്രധാനമന്ത്രി സംഭാഷണത്തില്‍ പങ്കുവെച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചുള്ള നിലപാട് അറിയിച്ചത്.അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പല്‍ ഗതാഗത പാതകള്‍ തുറക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
‘പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി സംസാരിക്കുകയും ഈദ്, നൗറൂസ് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഈ ഉത്സവകാലം പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും സമൃദ്ധിയും കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ സജീവമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയായി മേഖലയിലെ നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ചു, ഇത് പ്രാദേശിക സമാധാനത്തിന് ഭീഷണിയാണ്-മോദി എക്സില്‍ കുറിച്ചു.
പശ്ചിമേഷ്യയിലെ അസ്ഥിരതകള്‍ മാറി സമാധാനത്തിന്റെ നാളുകള്‍ വരുമെന്ന് ഇരു നേതാക്കളും പ്രത്യാശ പങ്കുവച്ചു. മേഖലാ വികസനങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *