ടെഹ്‌റാന്‍ : ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ഏഴാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും തകര്‍ത്തതായും വ്യോമാതിര്‍ത്തിയില്‍ പൂര്‍ണ്ണാധിപത്യം സ്ഥാപിച്ചതായും ഇസ്‌റാഈല്‍ അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 2500-ഓളം ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതില്‍ തനിക്ക് പങ്കുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈ അധികാരമേല്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്കയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. തങ്ങളെ ആക്രമിക്കാന്‍ വരുന്ന അമേരിക്കന്‍ സൈന്യത്തെ
വധിക്കുമെന്നും തടവിലാക്കുമെന്നും ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പ് നല്‍കി.
ഗള്‍ഫ് മേഖലയിലും സംഘര്‍ഷം വ്യാപിക്കുകയാണ്. കുവൈത്തിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബഹ്റൈനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കും ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും പ്രതിരോധ സംവിധാനങ്ങള്‍ അവ തടഞ്ഞു. ഇതിനിടെ മേഖലയില്‍ നിന്ന് 20,000-ത്തോളം അമേരിക്കന്‍ പൗരന്മാര്‍ മടങ്ങിയതായാണ് വിവരം.
ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്‌റാഈലിലെ ജെറൂസലേം പഴയ നഗരത്തിലെ പുണ്യസ്ഥലങ്ങള്‍ അടച്ചിടുകയും വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ റദ്ദാക്കുകയും ചെയ്തു. ഇറാഖിലെ വിക്ടോറിയ എയര്‍ബേസിന് നേരെയും ലെബനനിലെ വിവിധ ഭാഗങ്ങളിലും ആക്രമണങ്ങള്‍ തുടരുകയാണ്.
യുദ്ധം ആഗോള വിപണിയെയും ബാധിച്ചിട്ടുണ്ട്. ഡോ ജോണ്‍സ് സൂചികയില്‍ 1000 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങള്‍ വിഷയത്തില്‍ ഭിന്നസ്വരത്തിലാണ്. ബ്രിട്ടനും ഫ്രാന്‍സും സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുമ്പോള്‍ ജര്‍മ്മനിയും അയര്‍ലന്‍ഡും നയതന്ത്ര പരിഹാരത്തിനാണ് ഊന്നല്‍ നല്‍കുന്നത്.




