KERALA NEWS

ദുരിതാശ്വാസ നിധി; സിപിഎം എംഎല്‍എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കും

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ പേര്‍. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സിപിഎം എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.എംപിമാരായ കെ രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എഎ റഹീം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാല്‍ എട്ട് ലക്ഷം രൂപയാവും സിപിഎം എംപിമാര്‍ സംഭാവന ചെയ്യുക. ഇതിന് പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം എംഎല്‍എമാര്‍ അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ സംഭാവനകള്‍ ദുരുിതാശ്വാസ നിധിയിലേക്ക് വരികയാണ്.സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാര്‍ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള്‍ പത്ത് ലക്ഷം രൂപയും നല്‍കുമെന്ന്അറിയിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല 33,000 രൂപയും സംഭാവന ചെയ്തിരുന്നു. അതേസമയം, വയനാട് ദുരന്തത്തിന് ഇരയാവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്‍എ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *