രാജപുരം: ജനജീവിതത്തെ ദുസഹമാക്കിമാറ്റിയ മലയാറ്റുകര കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം നാളെ തുടങ്ങും.
മലയാറ്റുകര, എണ്ണപ്പാറ, കുറ്റിയടുക്കം, ചൂരപ്പടവ് , ഉരുട്ടിക്കുന്ന്. തുമ്പക്കുന്ന്, കല്ലുവളപ്പ് ഊരുകളിലായി ആദിവാസി കുടുംബങ്ങളും മറ്റു ജനവിഭാഗങ്ങളുമടക്കം 300 ല്‍ പരം കുടുംബങ്ങളുടെ നടുവിലായിട്ടാണ് വന്‍ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ക്വാറിയുടെ പ്രവര്‍ത്തനം മൂലം
1.ക്വാറിയില്‍ ദിവസേന നൂറു കണക്കിന് ഇലക്ട്രിക് കേപ്പുകള്‍ ഉപയോഗിച്ചുള്ള ഉഗ്രന്‍ സ്‌ഫോടനങ്ങളില്‍, പൊതുവേ കുടിവെള്ള ക്ഷാമം രൂക്ഷമായി ഈ പ്രദേശത്ത് കുടിവെള്ളം മുട്ടുന്ന അവസ്ഥ വരും
2.വീടുകള്‍ക്ക് വിള്ളല്‍ സംഭവിക്കുന്നു
3.സ്‌ഫോടനശബ്ദം പ്രദേശത്ത് കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി
4.ക്വാറിയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ താന്നൂര്‍ വയലുകള്‍ അടക്കം വരള്‍ച്ച ബാധിക്കും.
5.ക്വാറി പ്രവര്‍ത്തിക്കുന്നത് ചെമ്മട്ടംവയല്‍ – കാലിച്ചാനടുക്കം PWD റോഡില്‍ നിന്നും 40 മീറ്റര്‍ ദൂരത്തില്‍
6.ക്വാറി പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പൊടിപടലങ്ങള്‍ നാട്ടിലെ കിണറുകളിലെ ജലം മലിനമാക്കുന്നു. പ്രദേശത്ത് നിലവില്‍ തന്നെ 70ല്‍പരം ശ്വാസകോശ, ക്യാന്‍സര്‍, ഹൃദ്രോഗ ബാധിതരുണ്ട്. ഇവരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും.
7.ക്വാറിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട് പോലീസ,. ജിയോളജി അധികാരികള്‍ എന്‍ക്വയറി നടത്തിയത് ക്വാറിയുടെ സ്ഥലമുടമയുടെ വീട്ടുജോലിക്കാരുടെയും, ബന്ധുക്കളുടെയും മൊഴികള്‍ മാത്രമാണ് രേഖപ്പെടുത്തിയത്.
8.ക്വാറമടയുടെ അടുത്തുള്ള ഊരില്‍ അംഗന്‍വാടിയും, എണ്ണപ്പാറയില്‍ കുടുംബാരോഗ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു
9.നിലവില്‍ ഈ ക്വാറിയില്‍ നിന്നും 750 അടിയുടെ നൂറോളം കൂറ്റന്‍ ടിപ്പറുകളാണ് ലോഡുമായി പോകുന്നത്. റോഡിന് കേട് പാടുകള്‍ സംഭവിച്ചു – ഗതാഗത പ്രശ്‌നമുണ്ട്
10.സമരം കഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കുമപ്പുത്ത് എല്ലാവരും ഒന്നിച്ചു നില്‍ക്കുന്ന ജനകീയ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
കളക്ടര്‍, ജിയോളജി. റവന്യൂ വകുപ്പുകള്‍, ജില്ലാ ബ്ലോക്ക്, കോടോം ബേളൂര്‍ ഭരണസമിതി, സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് എന്നിവിടങ്ങളില്‍ പരാതി നല്‍കി.
ക്വാറി പ്രവര്‍ത്തനം തുടങ്ങിയതോടെ കിണറുകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ഈ പ്രദേശങ്ങളിലൊന്നും വെളളമില്ലാത്തതിനാല്‍ പുതിയ കിണറുകള്‍ കുഴിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഈ പ്രദേശത്തുകാര്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. വിവിധ തലങ്ങളില്‍ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് വിശദീകരണയോഗം സംഘടിപ്പിച്ചു. പിന്നീടാണ് ജനകീയ സമിതി അനിശ്ചിതകാല സത്യാഗ്രഹത്തിന് തയ്യാറായിരിക്കുന്നത്. സത്യാഗ്രഹം ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ഈ ദിവസങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ വാഹനം തടയുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നാളെ ആരംഭിക്കുന്ന സമരം ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത് വിഷയ സമിതി കണ്‍വീനര്‍ ഫ്രൊ: എം.ഗോപാലന്‍ ഉത്ഘാടനം ചെയ്യും.ജനകീയ സമിതി ചെയര്‍മാന്‍ മധു നര്‍ക്കല അദ്ധ്യക്ഷത വഹിക്കും.
ജനകീയ സമിതി രക്ഷാധികാരികളായ പഞ്ചായത്തംഗം സജിത ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് യു.തമ്പാന്‍ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





