അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. പിതാവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കരുത് എന്നാവശ്യപ്പെട്ട് മകള്‍ ആശാ ലോറന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയുടെ ഉത്തരവ്. കളമശേരി മെഡിക്കല്‍ കോളേജ് ഓഫീസര്‍ വിഷയം തീര്‍പ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഓതറൈസേഷന്‍ ഓഫീസറാണ്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറാന്‍ പാടില്ല എന്നും കോടതി നിഷ്‌കര്‍ഷിച്ചു.മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാനുളള നടപടികള്‍ നടക്കുന്നതിനിടെ ആശ പൊതുദര്‍ശന ഹാളില്‍ ബഹളം വെച്ചു. മൃതദേഹത്തിന് അടുത്ത് നിന്ന് ആശയേയും മകനേയും ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമായിരുന്നു ആശ പറഞ്ഞിരുന്നത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ലെന്നും അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇത് സമ്മതിക്കില്ലായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. അച്ഛനെ പള്ളിയില്‍ അടക്കണമെന്നും ആശ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് കൈമാറണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നാണ് ലോറന്‍സിന്റെ മകന്‍ സജീവന്‍ പറഞ്ഞിരുന്നത്. പിതാവ് നേരത്തെ തന്നെ പറഞ്ഞ കാര്യം പാര്‍ട്ടിയെ അറിയിച്ചിരുന്നു എന്നും ഇത് അനുസരിച്ചാണ് പാര്‍ട്ടി തീരുമാനമെടുത്തത് എന്നുമായിരുന്നു സജീവന്‍ പറഞ്ഞിരുന്നത്. സഹോദരി കേസിന് പോയതില്‍ സംശയങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ലോറന്‍സിന്റെ അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ലോറന്‍സ് 2015 ല്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. 1980 ല്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയില്‍ എത്തി. നാല് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. എറണാകുളം ജില്ലയില്‍ അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന നേതാവാണ് ലോറന്‍സ്. പരേതയായ ബേബിയാണ് ഭാര്യ. സജീവനേയും ആശയേയും കൂടാതെ സുജാത, അബി എന്നീ മക്കള്‍ കൂടിയുണ്ട്.
