KERALA NEWS

പേര് പാലസ്തീൻ ഐക്യദാർഢ്യം; ലക്ഷ്യം വേട്ടുഉറപ്പിക്കൽ

ഇസ്രായേൽ ആക്രമണം നേരിടുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്താൻ സിപിഎമ്മും. മുസ്ലിം ലീഗും സമസ്തയും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ച പിന്നാലെയാണ് സിപിഎമ്മും റാലിക്കു തയ്യാറെടുക്കുന്നത്. എന്നാൽ പലസ്തീൻ ഐക്യദാർഢ്യം എന്നതിനപ്പുറം ഇത് കേരളത്തിൽ ചില രാഷ്ട്രീയ ചർച്ചകൾക്കും വോട്ടു നീക്കങ്ങൾക്കും കൂടി വേദിയാകും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമായ വേളയിലും സിപിഎം നടത്തിയ പരിപാടി വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അന്ന് സമസ്തയെയും മുസ്ലിം ലീഗിനെയും സിപിഎം പരിപാടിയിലേക്ക് ക്ഷണിച്ചു. എന്നാൽ കോൺഗ്രസിനെ ക്ഷണിച്ചതുമില്ല. കോൺഗ്രസില്ലെങ്കിൽ ഞങ്ങളില്ലെന്ന് മുസ്ലിം ലീഗ് നിലപാട് എടുത്തു. ഏകസിവിൽ കോഡിനെതിരെ റാലി നടന്ന അതേ സരോവരം ട്രേഡ് സെന്ററിലാണ് സിപിഎം പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ പോകുന്നത്. ഈ മാസം 11ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് എന്നീ കക്ഷികളെ ഒഴിച്ച് എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കാനാണ് സിപിഎം തീരുമാനമെന്നറിയുന്നു. എക്കാലത്തും മുസ്ലിം ലീഗിനൊപ്പം നിന്നിട്ടുള്ള ചരിത്രമാണ് സമസ്തയ്ക്കുള്ളത്. എന്നാൽ സമീപ കാലത്ത് സമസ്തയിലെ മാറ്റം പ്രകടമാണ്. സ്വന്തമായ അസ്ഥിത്വവും ആദർശവുമുണ്ട് എന്ന് സമസ്ത നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്നു. സമസ്തയ്ക്ക് സിപിഎമ്മുമായി തൊട്ടുകൂടായ്മയില്ല എന്ന് അവർ തെളിയിച്ചു. മാത്രമല്ല, സമസ്തയെ കൂടെ നിർത്താൻ സിപിഎം കഴിയുംവിധം ശ്രമിക്കുന്നുമുണ്ട്. സമസ്ത സ്വീകരിക്കുന്ന പുതിയ നിലപാട് മുസ്ലിം ലീഗിനെ അസ്വസ്ഥമാക്കുന്നുമുണ്ട്. കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ മുസ്ലിം ലീഗ് സമസ്തയെ ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, സമസ്തയുമായി പല കാര്യങ്ങളിലും പരസ്യമായ പോരിലുമാണ് ലീഗ്. സമസ്തയും ലീഗും ഒന്നാണെന്ന് ചില നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ഈ കളികൾ. എല്ലാ മത, രാഷ്ട്രീയ വിഭാഗങ്ങളെയും പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനൻ വ്യക്തമാക്കുന്നു സമസ്ത പങ്കെടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. മുസ്ലിം ലീഗിനെ ക്ഷണിക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിനെ ക്ഷണിക്കാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് ക്ഷണം സ്വീകരിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. സമസ്തയെ കൂടെ നിർത്താൻ സാധിച്ചാൽ, അല്ലെങ്കിൽ സമസ്തയുടെ വോട്ടുകൾ പൂർണമായും ലീഗിന് ലഭിക്കാത്ത സാഹചര്യമുണ്ടാക്കാൻ കഴിഞ്ഞാൽ സിപിഎമ്മിന് മലബാർ മേഖലയിൽ വലിയ നേട്ടമാകും. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നീക്കങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *