KERALA NEWS

രമ്യ ഹരിദാസിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയല്‍ ബസ് യാത്ര’; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്രയില്‍ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ. ജില്ലാ കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ട്രയല്‍ റണ്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്നായിരുന്നു പരാതി.
ബസ്സില്‍ സൗജന്യ യാത്ര ഒരുക്കിയ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ബസ്സ് തിരഞ്ഞെടുപ്പു സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. നിയമലംഘനവും പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ആരോപിച്ചാണ് ബസ് യാത്ര തടഞ്ഞത്. ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിച്ചത്. എന്നാല്‍ ബസ് കോരാണിയിലെത്തിയപ്പോള്‍ ഇലക്ഷന്‍ സ്‌ക്വാഡ് തടയുകയായിരുന്നു. മടക്ക യാത്രയ്ക്കായി ബസില്‍ കയറിയവരെ സ്‌ക്വാഡ് ഇറക്കി വിടുകയും ചെയ്തു. റൂട്ടില്‍ ഓടുന്ന ബസില്‍ ടിക്കറ്റ്
എടുത്ത് യാത്ര ചെയ്യണമെന്നായിരുന്നു ഇലക്ഷന്‍ സ്‌ക്വാഡ് നല്‍കിയ നിര്‍ദേശം. ബസിന് പുറത്ത് പ്രചാരണാര്‍ത്ഥം ഒട്ടിച്ച ചിത്രങ്ങളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രഖ്യാപനങ്ങള്‍ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ അഞ്ച് ഗ്യാരണ്ടികളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു അതിലൊരു പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *