KERALA NEWS

വി ഡി സതീശന്റെ അഭിമുഖം എഫ് ബിയില്‍ നിന്ന് ഒഴിവാക്കാനല്ല; പോലീസ് നിര്‍ദേശിച്ചത് കമന്റുകള്‍ നീക്കാന്‍: രത്തന്‍ ഖേല്‍ക്കര്‍

തിരുവനന്തപുരം : വി ഡി സതീശന്റെ അഭിമുഖം ഒഴിവാക്കാനല്ല, അതിനു കീഴെ വന്ന മോശം കമന്റുകള്‍ നീക്കം ചെയ്യാനാണ് പോലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ)രത്തന്‍ യു ഖേല്‍ക്കര്‍. പ്രതികരണങ്ങള്‍ പലതും മോശം ഭാഷയിലുള്ളതായിരുന്നു. അതിനാലാണ് പോലീസ് ഇടപെട്ടത്. വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തില്‍ ഇടപെടുകയും അഭിമുഖത്തിന്റെ ഭാഗം റിസ്റ്റോര്‍ ചെയ്യാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഖേല്‍ക്കര്‍ വ്യക്തമാക്കി.
രാഷ്ട്രീയ കക്ഷികള്‍ക്ക് വിതരണം ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറില്‍ ബി ജെ പി സീല്‍ പതിഞ്ഞതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി ഇ ഒ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവര്‍ക്കും ബാധകമാണ്. ആര്‍ക്കെതിരെയും അനാവശ്യമായി നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ബി ജെ പി നേതാവും ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകും. യു. പ്രതിഭയെ അധിക്ഷേപിച്ച വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികളുണ്ടാകുമെന്നും രത്തന്‍ ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *