ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ഇറാന്‍ ഉള്‍പ്പെട്ട യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ വൈകുന്നേരം 6.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്.
രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ എന്നിവ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ആഭ്യന്തര സ്ഥിരത ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമുള്ള കര്‍മ്മപദ്ധതികള്‍ യോഗം വിലയിരുത്തും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത സഹകരണം ഉറപ്പാക്കി ‘ടീം ഇന്ത്യ’ എന്ന നിലയില്‍ ഒറ്റക്കെട്ടായ പ്രതികരണം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ആശയവിനിമയം നടത്തും. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യയുടെ സാമ്പത്തിക മേഖലയെയും പ്രവാസികളെയും എങ്ങനെ ബാധിക്കുമെന്നതില്‍ വിശദമായ പരിശോധന യോഗത്തിലുണ്ടാകും




