തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം പൂര്‍ണ്ണമായും തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ, കേരളത്തിലെ 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പത്രിക പിന്‍വലിക്കലിന് ശേഷം ഓരോ മണ്ഡലത്തിലും മത്സരരംഗത്തുള്ളവരുടെ അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് വിവിധ മണ്ഡലങ്ങളില്‍ നിന്നായി നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഡമ്മി സ്ഥാനാര്‍ത്ഥികളും പത്രികകള്‍ പിന്‍വലിച്ചു. ഇതോടെ മുന്നണി പോരാട്ടങ്ങള്‍ക്കൊപ്പം ശക്തരായ വിമതര്‍ ആരൊക്കെ എന്നതിലും വ്യക്തത വന്നിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളി മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്. മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രം മത്സരിക്കുന്ന കൊല്ലം ജില്ലയിലെ ചവറ, ആലപ്പുഴയിലെ കായംകുളം, തൃശൂര്‍ നാട്ടിക, പാലക്കാട് കോങ്ങാട്, കോഴിക്കോട് സൗത്ത്
വയനാട് മാനന്തവാടി മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ളത്. 11 സ്ഥാനാര്‍ഥിള്‍ വീതമുള്ള കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കണ്ണൂര്‍ പേരാവൂര്‍ മണ്ഡലങ്ങളാണ് പത്തില്‍ അധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങള്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പല മണ്ഡലങ്ങളിലും അപരന്മാരുടെ സാന്നിധ്യം മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. വോട്ടെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടര്‍മാരെ നേരില്‍ കാണുന്നതിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും.




