ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യന്‍ എണ്ണക്കപ്പലുകള്‍ കൂട്ടത്തോടെ ദിശമാറ്റി ഇന്ത്യയിലേക്ക് നീങ്ങുന്നു. ഏഴോളം കപ്പലുകളാണ് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി അവസാനം ബാള്‍ട്ടിക് കടല്‍ തുറമുഖത്ത് നിന്നും യുറാല്‍സ് ക്രൂഡുമായി പുറപ്പെട്ട അക്വാ ടൈറ്റന്‍ എന്ന കപ്പല്‍ തെക്കന്‍ ചൈനാക്കടലില്‍ വെച്ച് യാത്ര അവസാനിപ്പിച്ചു ഇന്ത്യയിലേക്ക് വരുന്നുണ്ട്. കപ്പല്‍ ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം മാര്‍ച്ച് 21ന് കപ്പല്‍ നവമംഗലാപുരത്ത് എത്തും. ചൈനയിലെ റിഷാവോ തുറമുഖത്തേക്ക് പോകാനായിരുന്നു ഈ കപ്പല്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി താല്‍ക്കാലികമായി വര്‍ധിപ്പിക്കാന്‍ അമേരിക്ക ഇന്ത്യക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കപ്പല്‍ യാത്രയില്‍ മാറ്റം വരുത്തിയത്. ഇറാന്‍ യുദ്ധത്തെ
തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഏതാണ്ട് 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികള്‍ ഇതിനോടകം സ്വന്തമാക്കിയത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി ലഭിച്ചതോടെ ചൈനയിലേക്ക് പോകേണ്ട കപ്പലുകള്‍ വ്യാപകമായി ഇന്ത്യയിലേക്ക് തിരിച്ചുവിടുകയാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനയിലേക്ക് പോകുകയായിരുന്ന കുറഞ്ഞത് ഏഴ് കപ്പലുകളെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.





