രാജപുരം : സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴില്‍ കള്ളാര്‍
പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ളാര്‍ മാവേലി സ്റ്റോര്‍, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തുന്നതിന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 9ന് രാവിലെ 10.30 ന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്.അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് എം.എല്‍.എ
ഇ.ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന് എന്നിവര്‍ വിശിഷ്ടാതിഥികളാകും. നവീകരിച്ച മാവേലി സൂപ്പര്‍ സ്റ്റോറിലെ ആദ്യവില്പന കര്‍മ്മം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത നിര്‍വ്വഹിക്കും. സ്ഥാപനം സൂപ്പര്‍ സ്റ്റോറായി മാറുന്നതോടെ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ കൂടുതല്‍ സൗകര്യപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാകും. ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടന ചടങ്ങിലേക്ക് ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായും കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ എം.രവീന്ദ്രന് അറിയിച്ചു.




