KERALA NEWS

വയനാട് ഫണ്ടില്‍ കണക്കുകളുമായി കോണ്‍ഗ്രസ്; ആകെ കിട്ടിയത് 5 കോടി 38 ലക്ഷം രൂപ

കണ്ണൂര്‍ : വയനാട് ഫണ്ടില്‍ കണക്കുകളുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജോയിന്റ് അക്കൗണ്ടില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 5,38,21,632 രൂപയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ലഭിച്ചതാണിതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് ഒരുകോടി അഞ്ച് ലക്ഷംരൂപ നല്‍കിയെന്നും സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
വീട് നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ മൂന്നേക്കര്‍ ഇരുപത്തി നാലര സെന്റ് സ്ഥലം വാങ്ങിയെന്നും ഇതിനായി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ 3,68,36.388 രൂപ ചെലവിട്ടുവെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കൂടാതെ ഇതിന്റെ ആപ് നിര്‍മാണത്തിനായി കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായിരിക്കെ 9,30,000 രൂപ ചെലവഴിച്ചു. രണ്ടാംഘട്ടത്തില്‍ 2,50,30,272 രൂപ ചെലവിട്ട് രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമിയാണ് വാങ്ങിയത്. ഇതിനായി കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്ന് 97,51,212രൂപ അധികമായി ചെലവിട്ടു. ഇനി ഭൂമി വാങ്ങുന്നതിനും മറ്റുമായി 73,90,985
രൂപ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീട് നിര്‍മാണത്തിനായി പിരിച്ചതിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിച്ചു കഴിഞ്ഞു. ഇനി വീട് നിര്‍മാണത്തിനായി പണം പിരിക്കില്ല. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പണമെല്ലാം അക്കൗണ്ട് വഴിയാണ് നല്‍കിയത്. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഈ വിഷയത്തില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *