ചുളളിക്കര : കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1994 – 95 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ സൗഹൃദ 95 ‘ ന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേറിട്ട അനുഭവമായി.ഒന്നാം തരം മുതല്‍ പത്താം തരം വരെ തങ്ങളെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും നാട്ടിലെ മറ്റ് അധ്യാപകരെയും ചടങ്ങില്‍ ക്ഷണിച്ച് ആദരിച്ച് മാതൃകയും കാട്ടി ‘സൗഹൃദ 95 ‘ ന്റെ കൂട്ടുകാര്‍. അധ്യാപകര്‍ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങി.
2018 ലാണ് ഈ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചത്.. തികച്ചും സമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ഗ്രൂപ്പിലെ അംഗങ്ങളുടെ ക്ഷേമത്തിനും മാതൃ വിദ്യാലയത്തിന്റെ പശ്ചാത്തല വികസനത്തിന് വേണ്ടിയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഏറെ പ്രശംസ പിടിച്ച് പറ്റിയ കൂട്ടായ്മയായി ഇതിനകം സൗഹൃദ 95 മാറി കഴിഞ്ഞു.
സൗഹൃദ 95 ചെയര്‍മാന്‍ പ്രതാപ് പി അലക്‌സ് ആധ്യക്ഷ്യം വഹിച്ച ചടങ്ങ് തങ്ങളെ ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപികയും ഏറ്റവു മുതിര്‍ന്നയാളുമായ ഏലിയാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രശസ്ത മോട്ടിവഷന്‍ സ്പീക്കര്‍ ബാലചന്ദ്രന്‍ കൊട്ടോടിയുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹ സംഗമം എന്ന പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സംവദിക്കുകയും മുന്‍ അനുഭങ്ങള്‍ പങ്ക് വെക്കുകയും ചെയ്തത് ഏവര്‍ക്കും ഹൃദ്യാനുഭവമായി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും നടന്നു. ‘ സൗഹൃദ 95 ‘ലെ അംഗവും കൊട്ടോടി സ്‌ക്കൂളിലെ അധ്യാപകനുമായ അനില്‍, മോട്ടിവേറ്റര്‍ ബാലചന്ദ്രന്‍ കൊട്ടോടി, മുന്‍ കളളാര്‍ പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാര്‍,ജോസ് പുതുശ്ശേരിക്കാലായില്‍,പിടിഎ പ്രസിഡന്റ് ഉമ്മര്‍,വൈസ് പ്രസിഡന്റ് ഷിബു,എസ്എംസി ചെയര്‍മാന്‍ ശശിധരന്‍, മദര്‍ പിടിഎ പ്രസിഡന്റ് ഷീല എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.സൗഹൃദ 95 വൈസ് പ്രസിഡന്റ് ജയശ്രീ സി സ്വാഗതവും കണ്‍വീനര്‍ മനോജ് താന്നിക്കാല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ മനോജ് ആര്‍ നന്ദിയുംപറഞ്ഞു.




