രാജപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദർശിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എയും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. പട്ടികവർഗ്ഗ വിഭാഗം കൂടുതലായി ആശ്രയിക്കുന്ന പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി ആധുനിക പ്രസവ വാർഡ് വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റ് തസ്തിക ഉടൻ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി പരിശോധിച്ചു.. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആശുപതിയുടെ പ്രവർത്തനങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. പുരുഷ, വനിത, കുട്ടികളുടെ വാർഡുകളും പരിശോധനാ മുറികളും ഒ.പിയും മന്ത്രി സന്ദർശിച്ചു. പൊതുജനങ്ങളിൽ നിന്ന് പരാതികളും സ്വീകരിച്ച ശേഷമാണ് ആരോഗ്യ മന്ത്രി മടങ്ങിയത്.
ഡി.എച്ച്.എസ് ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ എ.വി.രാംദാസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പത്മകുമാരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജനി കൃഷ്ണൻ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ, പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ, കളളാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ജോസ് പുതുശ്ശേരിക്കാലായിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.