പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസം ആണ് സത്യപ്രതിജ്ഞ. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായിട്ടാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. അതേസമയം പുതിയ അംഗം വരുന്നതോടെ 140 എം എൽ എമാരൈയും ഉൾപ്പെടുത്തി നിയമസഭയിൽ 11-ാം തിയതി ഗ്രൂപ്പ് ഫോട്ടോ എടുക്കും. ചോദ്യോത്തര വേള കഴിഞ്ഞാണ് സത്യപ്രതിജ്ഞ. അതിന് ശേഷമാണ് അംഗങ്ങൾ സഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെത്തി ഫോട്ടോയെടുപ്പിൽ പങ്കെടുക്കുക. തുടർന്ന് ശൂന്യവേള ആരംഭിക്കും. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച് 24 ന് അവസാനിക്കേണ്ടിയിരുന്ന സമ്മേളനം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ 10 ന് അവസാനിപ്പിക്കേണ്ടി വന്നു. ഇനി 11 ന് പുനരാരംഭിക്കുന്ന സമ്മേളനം 14 ന് സമാപിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ ആക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന നിയമസഭാ സമ്മേളനമായിരിക്കും ഇത്. 6 മാസമാണ് 2 നിയമസഭാ സമ്മേളനങ്ങൾക്കിടയിലെ ഇടവേള. അതേസമയം, ചാണ്ടി ഉമ്മന്റെ വിജയം കോൺ?ഗ്രസിന് വൻ പ്രതീക്ഷയാണ് നൽകുന്നത്. പുതുപ്പള്ളിൽ നിന്ന് 53 വർഷം നിയമസഭയിൽ എത്തിയ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് ജെയ്ക്ക് കാഴ്ച വെച്ചത്. എന്നാൽ ചാണ്ടി ഉമ്മനോട് ഏറ്റുമുട്ടാൻ ജെയ്ക്കിന് സാധിച്ചില്ല. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും ചാണ്ടി ഉമ്മൻ നേടി. യു ഡി എഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽ ഡി എഫിന് 12,684 വോട്ടുകൾ കുറഞ്ഞു. അതേസമയം എൻ ഡി എ തകർന്ന് അടിഞ്ഞു . വെറും 6447 വോട്ടുകൾ മാത്രം ആണ് നേടാനായത്. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന് ജെയ്ക്ക് പറഞ്ഞു. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളിൽ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാം, അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്ന് കരുതുകയാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെയും നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. അതിനിയും തടസ്സമേതുമില്ലാതെ തുടരുക തന്നെ ചെയ്യും. ഏതു കൊടുങ്കാറ്റിനെയും തോല്പിക്കുമാറ് ഉലയാതെ നിന്നവരെ… നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം…, ജെയ്ക്ക് ഫേസ്ബുക്കിൽ കുറിച്ചു