KERALA NEWS

ദുരിതബാധിത മേഖലയില്‍ വീണ്ടുമെത്തി രാഹുല്‍ ഗാന്ധി; ‘കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

ഉരുള്‍പൊട്ടലില്‍ സര്‍വനാശം സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വീണ്ടും അവിടേക്ക് എത്തുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവും രാഹുല്‍ ഗാന്ധി നടത്തി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ച നടന്നത്. കേരളം മുന്‍പൊരിക്കലും ഇത്തരത്തില്‍ ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ലെന്നും വിഷയം ഡല്‍ഹിയില്‍ ശക്തമായി ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യങ്ങള്‍ എല്ലാം സംസാരിക്കുമെന്നും പ്രത്യേകം പരിഗണന നല്‍കേണ്ട സാഹചര്യമാണ് വയനാട്ടില്‍ നിലവിലുള്ളതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ‘ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ചയും നടത്തി. നാശനഷ്ടങ്ങളെയും പുനരധിവാസത്തെയും കുറിച്ച് അവര്‍ സംസാരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധരാണ്’ രാഹുല്‍ പറഞ്ഞു. അതേസമയം, ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 331 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *