NATIONAL NEWS

സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടും

തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച്  സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 1988 ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.

പി ഐ ടി എന്‍ ഡി പി എസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക നിയമം പാര്‍ലിമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് നാം ഇപ്പോള്‍  ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലാണ്  കര്‍ശനിര്‍ദേശം നല്‍കിയത്.   ഉത്തരവ് സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നല്‍കേണ്ടത്. പി ഐ ടി എന്‍ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *