പാണത്തൂര്‍ : ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന പാണത്തൂര്‍ മൈലാട്ടിയിലെ ഷൈജുവിന്റെ കുടുംബ സഹായ നിധിയിലേക്ക് ശ്രീ മൂകാംബിക ട്രാവല്‍സ് കാരുണ്യ യാത്രയിലൂടെ സമാഹരിച്ച പത്തായിരം രൂപ കൈമാറി. പാണത്തൂരില്‍ വച്ച് ബസ് ജീവനക്കാരില്‍ നിന്ന് ഭാരവാഹികള്‍ തുക ഏറ്റവാങ്ങി. പാണത്തൂര്‍ മയിലാട്ടിയിലെ നിര്‍ധന പട്ടിക വര്‍ഗ്ഗ കുടുംബത്തില്‍പ്പെട്ട ഷൈജുവാണ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് പാണത്തൂരിലെ വാടക വീട്ടില്‍ കഴിയുന്നത്. ഭാര്യയും ചെറിയ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം സ്വന്തമായി ഒരു സെന്റ് ഭൂമിയോ താമസിക്കാന്‍ സ്വന്തമായി വീടോ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി വാടക വീട്ടിലാണ് കഴിയുന്നത്. അതിനിടയിലാണ് ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബൈപ്പാസ് ശാസ്ത്രജ്ഞ കഴിഞ്ഞത്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കും വീട് വയ്ക്കുന്നതിനായി കുറച്ച് ഭൂമി വാങ്ങി നല്‍കുന്നതിനുമായാണ് പാണത്തൂരിലെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുടുംബ സഹായ നിധി രൂപീകരിച്ചിട്ടുള്ളത്. സാമൂഹ്യ പ്രവര്‍ത്തകരായ പി രാമചന്ദ്രസറളായ, കാട്ടൂര്‍ മധുസുദനന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരിമാരായും, ജി രാമചന്ദ്രന് ചെയര്‍മാനായും, എം ഷിബു കണ്‍വീനറായും, അനില്‍കുമാര്‍ ട്രഷററുമായ കമ്മിറ്റിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഈ സഹായനിധിയിലേക്കാണ് കാട്ടൂര്‍ വിദ്യാധരന് നായരുടെ ഉടമസ്ഥതയിലുള്ള ശ്രീ മൂകാംബിക ട്രാവല്‍സിന്റെ 99-ാം മത് കാരുണ്യ യാത്രയില്‍ നിന്ന് സമാഹരിച്ച പത്തായിരം രൂപ നല്‍കിയത്.