KERALA NEWS

ഗവര്‍ണറുടെ ഹിയറിംഗ് ഇന്ന് : എംജി, കണ്ണൂര്‍ വിസിമാര്‍ക്ക് ഹാജരാകാന്‍ നിര്‍ദേശം

തിരുവനന്തപുരം: യുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി രണ്ട് വിസിമാരുടെ ഹിയറിംഗ് ഇന്ന് രാജ്ഭവനില്‍ നടത്തും.

എംജി സര്‍വകലാശാല വിസി പ്രൊഫ. സാബു തോമസ്, കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ഗവര്‍ണര്‍ ഇന്ന് ഹിയറിംഗ് നടത്തുക.

വിസിമാരുടെ ആവശ്യപ്രകാരമാണ് വീണ്ടും ഹിയറിംഗ് നടത്തുന്നത്. റഷ്യന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ കഴിഞ്ഞ ഡിസംബര്‍ 12-ന് നടത്തിയ ഹിയറിംഗില്‍ പങ്കെടുക്കാന്‍ സാബു തോമസിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സമയം നല്‍കിയത്. അന്നത്തെ ഹിയറിംഗില്‍ കണ്ണൂര്‍ വിസിയ്‌ക്ക് വേണ്ടി ഹാജരായ അഡ്വ. സുനില്‍കുമാര്‍ വിസി പുനര്‍നിയമനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഏതാനം രേഖകള്‍ രാജ്ഭവന് കൈമാറി. തുടര്‍ന്നാണ് ഇന്നത്തെ ഹിയറിംഗില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഹിയറിംഗിന് ഹാജരാകാന്‍ കണ്ണൂര്‍ വിസിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റേത് പുനര്‍ നിയമനമായതിനാല്‍ യുജിസി ചട്ടങ്ങള്‍ ബാധകമാകില്ലെന്നും സര്‍വകലാശാല നിയമം മാത്രമാണ് ബാധകമാകുന്നതെന്നും അഭിഭാഷകന്‍ ആദ്യ ഹിയറിംഗില്‍ നിലപാട് എടുത്തിരുന്നു. നിയമനരേഖകള്‍ ലഭിക്കാതെ ആദ്യ ഹിയറിംഗില്‍ പങ്കെടുക്കില്ലെന്ന് കണ്ണൂര്‍ വിസി അറിയിച്ചിരുന്നെങ്കിലും അഭിഭാഷകനെ നിയമിക്കുകയായിരുന്നു.

എംജി, കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃതം, കണ്ണൂര്‍, മലയാളം, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാര്‍ക്കും കേരള വിസി ആയി വിരമിച്ച ഡോ. വിപി മഹാദേവന്‍ പിള്ളയ്‌ക്കുമാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. ഹിയറിംഗിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് ഗവര്‍ണറുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *