DISTRICT NEWS

കോടോം ബേളൂർ പഞ്ചായത്തിനിത് ചരിത്ര നിമിഷം; പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്തായി പ്രഖ്യാപിച്ചു

അട്ടേങ്ങാനം: വേറിട്ട പ്രവർത്തനം കൊണ്ട് പുതിയ അധ്യായം സൃഷ്ടിച്ചിരിക്കുകയാണ് കോടോം ബേളൂർ പഞ്ചായത്ത്. സ്ത്രീ ശരീരത്തിലെ പ്രധാന ജൈവപ്രക്രിയയായ ആർത്തവ സമയത്ത് ഉപയോഗിക്കേണ്ട ആർത്തവ കപ്പിനെ കുറിച്ചുള്ള അവബോധം കഴിഞ്ഞ നാല് മാസമായി പഞ്ചായത്തിലുടനീളം നൽകുന്ന തിരക്കിലായിരുന്നു ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും. പഞ്ചായത്തിൽ ആർത്തവ കപ്പ് വിതരണത്തിന് നാല് ലക്ഷം രൂപയുടെ പ്രത്യേകം പദ്ധതി വെച്ച ശേഷമാണ് ബോധവത്കരണ രംഗത്തേക്ക് ഇറങ്ങിയത്. പുതു തലമുറയിലെ ഒട്ടുമിക്ക പേരും ആർത്തവ കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പിനെ കുറിച്ച് ധാരണയില്ലാത്ത സാധാരണക്കാരെയും ആദിവാസി വിഭാഗങ്ങളെയും ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. അംഗൺ വാടികൾ, സ്‌ക്കൂളുകൾ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും ക്ലാസുകൾ നടത്തി. പഞ്ചായത്തിലെ 103 ആദിവാസി കോളനികളിലും ക്ലാസുകൾ നടത്തി. പഞ്ചായത്തിലെ 103 ആദിവാസി കോളനികളിലും കുടുംബശ്രീ മുഖാന്തിരം ക്യാമ്പയിൻ നടത്തി. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഫാത്തിമയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ലഘുലേഖകൾ വിതരണം ചെയ്തും ക്ലാസുകൾ നടത്തിയും മാതൃകാ വീഡിയോ പ്രദർശിപ്പിച്ചും ജനങ്ങളെ ബോധവാന്മാരാക്കി.പാറക്കല്ലിൽ നടന്ന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്തായി കോടോം ബേളൂരിനെ പ്രഖ്യാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു.
കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ രജനി കൃഷ്ണൻ, കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാല കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.എസ്.ജയശ്രീ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഫാത്തിമ, എന്നിവർ സംസാരിച്ചു. കോടോം ബേളൂർ പഞ്ചായത്ത് അംഗം പി.ഗോപി സ്വാഗതവും ഐ.സി.ഡി.എസ് സുപ്പർവൈസർ ആശാലത നന്ദിയുംപറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *