തിരുവനന്തപുരം : 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തുകളില്‍ എത്തിയതോടെ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. ആറ് മണിക്ക് പോളിംഗ് അവസാനിച്ചു. ആറ് മണിക്ക് മുമ്പ് ക്യൂവില്‍ നിന്ന ഏതാനും പേര് കൂടി വോട്ട് രേഖപ്പെടുത്തുന്നതോടെ പോളിംഗ് പൂര്‍ണമാകും.
വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടിംഗ് ശതമാനം 75.01 കടന്നിട്ടുണ്ട്. 2021 ലെ പോളിംഗ് ശതമാനത്തെ മറികടക്കുന്ന പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുന്നത്. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം 80 ന് മുകളില്‍ പോകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് (77.63%) രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ എറണാകുളം (77.25%), പാലക്കാട് (77.09%) ജില്ലകളും മികച്ച വോട്ടിംഗ് ശതമാനം നിലനിര്‍ത്തുന്നു. പത്തനംതിട്ട ജില്ലയിലാണ് നിലവില്‍ ഏറ്റവും കുറഞ്ഞ വോട്ടിംഗ് (68.90%) രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ 75.70 ശതമാനവും കണ്ണൂരില്‍ 74.83 ശതമാനവുമാണ് അഞ്ച് മണി വരെയുള്ള വോട്ടിംഗ് നില.
പ്രധാന മണ്ഡലങ്ങളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി, യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥന് എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരം വോട്ടിംഗ് ശതമാനത്തിലും പ്രതിഫലിച്ചു. കണ്ണൂരിലെ പേരാവൂരില്‍ യു ഡി എഫിന്റെ സണ്ണി ജോസഫും എല്‍ ഡി എഫിന്റെ കെ കെ ശൈലജയും തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്. കുന്നത്തുനാട് മണ്ഡലത്തിലാണ് നിലവില്‍ ഒരു മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനം (70%) രേഖപ്പെടുത്തിയത്.
രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ ചലച്ചിത്ര താരങ്ങളും വോട്ട് രേഖപ്പെടുത്തി. വികസനത്തുടര്‍ച്ച ഉണ്ടാകുമെന്നും എല്‍ ഡി എഫ് മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ യു ഡി എഫ്
100 ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വി ഡി സതീശന് അവകാശപ്പെട്ടു. എന്‍ ഡി എ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി ജെ പി നേതാക്കളും പ്രതികരിച്ചു.
ചിലയിടങ്ങളില്‍ നിന്നു വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറും കള്ളവോട്ട് ആരോപണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ഒരു ബൂത്തില്‍ പ്രവാസിയായ സഹോദരന് വേണ്ടി ഒരാള്‍ വോട്ട് ചെയ്തതായി ആരോപണം ഉയര്‍ന്നു. തൃശൂരിലെ വടക്കാഞ്ചേരിയില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് ഒരാള്‍ക്ക് വോട്ട് നിഷേധിച്ചതിനെ തുടര്‍ന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബു പ്രതിഷേധിച്ചു. മലപ്പുറത്തെ നിലമ്പൂരിലും പത്തനംതിട്ടയിലെ ഇലന്തൂരിലും യന്ത്രത്തകരാര്‍ മൂലം വോട്ടിംഗ് തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിച്ചു.




