NATIONAL NEWS

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിന് നേരെ ആക്രമണം; മൂന്ന് ജീവനക്കാരെ കാണാനില്ല

ന്യൂഡല്‍ഹി : യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്ലന്‍ഡ് ചരക്ക് കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ആക്രമണമുണ്ടായി. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പി സി എല്ലിന്റെ ഉടമസ്ഥതയിലുള്ള ‘മയൂരി നാരി’ (Mayuree Naree) എന്ന ബള്‍ക്ക് കാരിയറാണ് ആക്രമിക്കപ്പെട്ടത്. യു എ ഇയിലെ ഖലീഫ പോര്‍ട്ടില്‍ നിന്ന് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ ഒമാന്‍ നാവികസേന വിജയകരമായി രക്ഷപ്പെടുത്തി. എന്നാല്‍ മൂന്ന് ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. കപ്പലിന്റെ ഉള്‍ഭാഗത്തുനിന്നും മുകള്‍ഭാഗത്തുനിന്നും കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ തായ്ലന്‍ഡ് നാവികസേന പുറത്തുവിട്ടു. കടലില്‍ ലൈഫ് റാഫ്റ്റുകള്‍ (Life rafts) ഒഴുകിനടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഫെബ്രുവരി 28-ന് ഇസ്‌റാഈല്‍ ഇറാനുനേരെ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സൈനിക താവളങ്ങളുള്ള രാജ്യങ്ങളെയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെയും ലക്ഷ്യം വെക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ ഊര്‍ജ്ജ വിതരണ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് കപ്പല്‍ ആക്രമിക്കപ്പെട്ടത് ആഗോളതലത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *