NATIONAL NEWS

ആഗോള എണ്ണ പ്രതിസന്ധി: 400 ദശലക്ഷം ബാരല്‍ എണ്ണ കരുതല്‍ ശേഖരത്തില്‍ നിന്ന് പുറത്തുവിടുമെന്ന് ഐ ഇ എ

പശ്ചിമേഷ്യയില്‍ ഇറാനെതിരെ യുഎസു ഇസ്‌റാഈലും നടക്കുന്ന ആക്രമണം തുടരുന്നത് ആഗോള എണ്ണവിപണിയിലുണ്ടാക്കിയ കടുത്ത ആഘാതം ലഘൂകരിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐ ഇ എ). വിപണിയിലെ വിലക്കയറ്റവും വിതരണ തടസ്സവും നേരിടാന്‍ 32 അംഗരാജ്യങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് 400 ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടുമെന്ന് ഐ ഇ എ ബുധനാഴ്ച പ്രഖ്യാപിച്ചു. ഐ ഇ എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനല്‍കല്‍ നടപടിയാണിത്.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ മേഖലയിലൂടെയുള്ള ക്രൂഡ് ഓയില്‍, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി നിലവില്‍ യുദ്ധത്തിന് മുമ്പുള്ളതിന്റെ 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. ഇതോടെ പല ഉല്‍പ്പാദന കേന്ദ്രങ്ങളും പ്രവര്‍ത്തനം നിര്‍ത്തുകയോ ഉല്‍പ്പാദനം കുറയ്ക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
ഓരോ അംഗരാജ്യത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസൃതമായി നിശ്ചിത സമയപരിധിക്കുള്ളിലാകും ഈ അടിയന്തര സ്റ്റോക്കുകള്‍ വിപണിയില്‍ ലഭ്യമാക്കുകയെന്ന് ഐ ഇ എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തി ബിറോള്‍ പറഞ്ഞു. 1974-ല്‍ ഐ ഇ എ രൂപീകരിച്ചതിന് ശേഷം ഇത് ആറാം തവണയാണ് ഇത്തരമൊരു കൂട്ടായ നീക്കം നടക്കുന്നത്.
1991-ലെ ഗള്‍ഫ് യുദ്ധം, 2005-ലെ കത്രീന കൊടുങ്കാറ്റ്, 2011-ലെ ലിബിയന്‍ യുദ്ധം, 2022-ലെ റഷ്യ-ഉക്രെയ്ന്‍ അധിനിവേശം (രണ്ട് തവണ) എന്നിവയായിരുന്നു ഇതിനുമുമ്പത്തെ സന്ദര്‍ഭങ്ങള്‍. ഐ ഇ എ അംഗരാജ്യങ്ങളുടെ പക്കല്‍ നിലവില്‍ 1.2 ബില്യണ്‍ ബാരലിലധികം അടിയന്തര എണ്ണ ശേഖരമുണ്ട്. കൂടാതെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വ്യവസായ മേഖല കൈവശം വെച്ചിരിക്കുന്ന 600 ദശലക്ഷം ബാരല്‍ ശേഖരവും ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *