NATIONAL NEWS

വിമാനം റദ്ദാക്കല്‍; യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് അധിക നിരക്ക് നല്‍കാതെ റീബുക്കിങ്ങിന് അവസരമൊരുക്കി എയര്‍ ഇന്ത്യ

ദുബൈ |: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് ഇപ്പോള്‍ യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏതൊരു ലക്ഷ്യസ്ഥാനത്തേക്കും അധിക നിരക്കുകളില്ലാതെ ടിക്കറ്റ് റീബുക്ക് ചെയ്യാനാവുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ ടിക്കറ്റ് ഉണ്ടായിരുന്നവര്‍ക്ക് റീബുക്കിങ്ങിന് അധിക തുക നല്‍കേണ്ടതില്ല.
യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏതൊരു നഗരത്തിലേക്കും യാത്ര മാറ്റാനും അവസരമുണ്ട്.യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മാസം ഏഴിന് മേഖലയില്‍ ഏകദേശം 50 വിമാനങ്ങള്‍ സര്‍വീസ് നടത്തി.ഇന്ന് ദുബൈ, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് (മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊച്ചി) പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
ബഹ്‌റൈന്‍, ദമാം, ദോഹ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റൂട്ട് അനുസരിച്ച് മാര്‍ച്ച് 10 മുതല്‍ 13 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനക്കമ്പനി യാത്രക്കാരെ നേരിട്ട് ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വാട്സാപ്പ് അസിസ്റ്റന്റായ ‘Tia’ വഴിയും ബുക്കിംഗ് ചെയ്യാം അതേ സമയം വിമാനത്താവളത്തില്‍ പോകുന്നതിന് മുന്‍പ് വിമാനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ചതിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് തിരിക്കണമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന്
എയര്‍ലൈന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *