പത്തനംതിട്ട : കേരളത്തിലെ നാലാമത്തെ ഭക്ഷ്യസുരക്ഷാ ലാബ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലാബിന്റെ പ്രവര്‍ത്തനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 50 വര്‍ഷത്തിനു ശേഷമാണ് ഭക്ഷ്യ സുരക്ഷാ ലാബ് സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957 ലാണ് ആദ്യത്തെ ഭക്ഷ്യസുരക്ഷാ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് മറ്റു ലാബുകള്‍.
പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ ജില്ലയില്‍ ജില്ലാ ഭക്ഷ്യപരിശോധനാ ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു. ലബോറട്ടറിയില്‍ കുടിവെള്ള പരിശോധനക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധനക്കുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനത്തോടെയാണ് ലാബ്
വിപുലീകരിച്ചത്. ഭക്ഷ്യസുരക്ഷയ്ക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ആരോഗ്യത്തിന്റെ ഘടകമാണ് ഭക്ഷണം. മായമില്ലാത്ത ആഹാരം, ശുദ്ധമായ കുടിവെള്ളം എന്നിവ പ്രാധാനമാണ്. എന്‍ഫോഴ്സ്മെന്റ് നടപടി കൂടുതല്‍ ഊര്‍ജിതമാക്കിയും വിവിധ ഡ്രൈവുകള്‍
സംഘടിപ്പിച്ചും ഭക്ഷ്യസുരക്ഷാ വകുപ്പും മുന്നോട്ടു പോകുന്നു. ഇതിനായി അധിക തസ്തിക സൃഷ്ടിച്ചു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. സമീപവര്‍ഷങ്ങളില്‍ ഭക്ഷ്യസുരക്ഷയില്‍ രാജ്യത്ത് തുടര്‍ച്ചയായി രണ്ടു തവണ ഒന്നാമതാവാന്‍ സംസ്ഥാനത്തിന് സാധിച്ചു. പത്തനംതിട്ട ഭക്ഷ്യ സുരക്ഷാ ലാബിന് എന്‍ എ ബി എല്‍ സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനുള്ള നടപടിയിലേക്ക് കടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



