Uncategorized

തദ്ദേശ തിരഞ്ഞെടുപ്പ്: നാളെയും മറ്റന്നാളും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം : മട്ടന്നൂര്‍ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ 4, 5 തീയതികളില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്.
അനര്‍ഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബര്‍ 4, 5 തീയതികളില്‍ അപേക്ഷിക്കാം. പ്രവാസി ഭാരതീയര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍ 14 ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും.
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകള്‍ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകള്‍ പ്രകാരവുമാണ് ഈ അവസരം നല്‍കുന്നത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും (ഫാറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7), പ്രവാസി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും (ഫാറം 4 A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ് സൈറ്റില്‍
ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. പേരൊഴിവാക്കുന്നതിനും (ഫാറം 5, ഫാറം 8) അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *