കുറ്റിക്കോല്‍: ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വാഹനാപകടത്തില്‍ മരിച്ചു. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകളും നഴ്സിങ് വിദ്യാര്‍ഥിനിയുമായ മഹിമ (20)യാണ് മരിച്ചത്.
കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. അപകടത്തില്‍ മഹിമയുടെ മാതാവ് വനജക്കും സഹോദരന് മഹേഷിനും പരുക്കേറ്റു. ഇന്ന് രാവിലെയാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹോദരനും മാതാവും ചേര്‍ന്ന് മഹിമയെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റ മൂന്നു പേരെയും നാട്ടുകാര്‍ കാസര്‍കോട് ചെര്‍ക്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മഹിമയെ രക്ഷിക്കാനായില്ല.




