KERALA NEWS

സി പി എം സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാനം; എ കെ ജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം / സി പി എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള എ കെ ജി സെന്ററിന്റെ എതിര്‍വശത്ത് 31 സെന്റിലാണ് പുതിയ എ കെ ജി സെന്റര്‍ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്. സംസ്ഥാനത്തെ സി പി എമ്മിന്റെ മുഖമാണ് എ കെ ജി സെന്റര്‍. അതിനാല്‍ പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, എല്‍ ഡി എഫ് നേതാക്കള്‍ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി ഓഫീസ്, ഹാളുകള്‍, സെക്രട്ടേറിയറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടേറിയറ്റ്, പി ബി അംഗങ്ങള്‍ക്കുള്ള ഓഫീസ് സൗകര്യങ്ങള്‍, താമസസൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. രണ്ട് ഭൂഗര്‍ഭ പാര്‍ക്കിംഗ് നിലകളും പുതിയ ആസ്ഥാനമന്ദിരത്തില്‍ നിര്‍മിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നടത്തിയെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എ കെ ജി സെന്ററിലെ ഹാളിലാണ്. പുതിയ ഓഫീസിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസ് എ കെ ജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *