സംസ്ഥാനത്ത് 13 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്നേറ്റം. 17 സീറ്റില്‍ എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ യു ഡി എഫിന് 12 സീറ്റില്‍ വിജയിക്കാനായി. അതേസമയം ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് ഒരിടത്തും ജയിക്കാനായില്ല. അതിനിടെ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രന്‍മാരും വിജയിച്ചു. ഇന്നലെയായിരുന്നു ഉപതിരഞ്ഞെടുപ്പ്. 65.83 ശതമാനമായിരുന്നു പോളിംഗ്. 17982 പുരുഷന്മാരും 20937 സ്ത്രീകളും ഉള്‍പ്പെടെ ആകെ 38919 പേരാണ് വോട്ട് ചെയ്തത്. ആകെ 87 സ്ഥാനാര്‍ത്ഥികളായയിരുന്നു ജനവിധി തേടിയത്. കാസര്‍കോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കല്‍, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്‌കൂള്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത് വാര്‍ഡിലേക്കുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.കൊല്ലം ജില്ലയിലെ നാല് വാര്‍ഡുകള്‍ എല്‍ ഡി എഫും രണ്ട് വാര്‍ഡുകള്‍ യു ഡി എഫും സ്വന്തമാക്കി. തിരുവനന്തപുരത്തെ നാലില്‍ രണ്ടും എല്‍ ഡി എഫിനൊപ്പം നിന്നപ്പോള്‍ ഓരോ സീറ്റ് യു ഡി എഫും, എസ് ഡി പി ഐയും സ്വന്തമാക്കി. പത്തനംതിട്ടയിലെ രണ്ട് വാര്‍ഡ് യു ഡി എഫിനൊപ്പവും ഒരു വാര്‍ഡ് എല്‍ ഡി എഫിനൊപ്പവും നിന്നു. ആലപ്പുഴയിലെ ഓരോ വാര്‍ഡുകളില്‍ വീതം എല്‍ ഡി എഫും യു ഡി എഫും വിജയിച്ചു. കോട്ടയത്തെ ഒരു സീറ്റില്‍ യു ഡി എഫും ഇടുക്കിയിലെ ഒരു സീറ്റില്‍ എല്‍ ഡി എഫും വിജയിച്ചു. എറണാകുളത്തെ നാലില്‍ മൂന്നിലും യു ഡി എഫ് ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്രനാണ് ജയിച്ചത്. തൃശൂരിലും പാലക്കാടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആണ് വിജയം. മലപ്പുറത്തെ രണ്ട് സീറ്റിലും കോഴിക്കോട്ടെ ഒരു സീറ്റിലും യു ഡി എഫ് വിജയം കൊയ്തു. കണ്ണൂരും കാസര്‍കോടും എല്ലാ സീറ്റിലും എല്‍ ഡി എഫ് ആണ് വിജയിച്ചത്.
