KERALA NEWS

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചു: പ്രതിദിനം 10,000 പേര്‍ക്ക് അനുമതി

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളുടെയും ഹിന്ദു സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിനും എതിര്‍പ്പിനും ഒടുവിലാണ് സര്‍ക്കാരിന്റെ ഈ നിലപാട് . പ്രതിദിനം 10,000 പേര്‍ക്ക് ഇനി സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താനുള്ള അവസരമാണ് ലഭിക്കുക. ഇതിനായി വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ദിവസം 80,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി ഇനി 70,000 പേര്‍ക്ക് മാത്രമാവും ദര്‍ശനം നടത്താന്‍ കഴിയുക. ശേഷിക്കുന്ന സ്ലോട്ടുകള്‍ സ്‌പോട്ട് ബുക്കിംഗിലേക്ക് മാറ്റി. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധവും ഭക്തരുടെ ആശങ്കയും തണുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒരുപാട് ദൂരം സഞ്ചരിച്ച ദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇല്ലെന്ന പേരില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന ആശങ്ക. കേരളത്തില്‍ നിന്നുള്ള ഭക്തരേക്കാള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെയാണ് സ്‌പോട്ട് ബുക്കിംഗ് ഇല്ലെങ്കില്‍ കൂടുതലായി ബാധിക്കുക. ഇതോടെ ഹിന്ദു സംഘടനകള്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കൂടുതല്‍ സമര പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി സംഘടനകള്‍ പന്തളത്ത് വച്ച് ഈ മാസം യോഗം ചേരാനും തീരുമാനിച്ചിരുന്നു. പ്രതിപക്ഷവും ഈ വിഷയം കാര്യമായി ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശബരിമല വീണ്ടും സമരഭൂമിയാവും എന്ന മുന്നറിയിപ്പാണ് ബിജെപി നല്‍കിയത്. നേരത്തെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടും കഴിഞ്ഞവര്‍ഷത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടും ബിജെപി ശക്തമായ സമരമാണ് അഴിച്ചുവിട്ടത്. എന്നാല്‍ ഇതിനൊന്നും വഴിയൊരുക്കാതെ സ്‌പോട്ട് ബുക്കിംഗ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *