KERALA NEWS

‘സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, തനിക്ക് ഒന്നും മറയ്ക്കാനില്ല’; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ഉള്‍പ്പെടെ ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്. രാജ്യവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നും ‘ദി ഹിന്ദു’ പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദം സൂചിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. വിവരങ്ങള്‍ ശേഖരിക്കേണ്ടത് കൊണ്ടാണ് മറുപടി വൈകുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. വിശ്വാസ്യതയെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ശക്തമായ എതിര്‍പ്പ് അറിയിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി വരുമാനം കുറയുന്നു എന്ന അര്‍ത്ഥത്തിലാണ് താന്‍ ദേശവിരുദ്ധം എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനത്തില്‍ നല്‍കരുതെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന സ്വര്‍ണക്കടത്തിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും പിണറായി ഗവര്‍ണര്‍ക്കുള്ള മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ അന്വേഷണ വിവരങ്ങള്‍ പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നു. അതില്‍ ഒരിടത്തും സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി പറയുന്നില്ലെന്നും നികുതി വരുമാനം കുറയുന്നതും സാമ്പത്തിക സ്ഥിതി മോശമാവുന്നതുമാണ് താന്‍ സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി ‘ദി ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോര്‍മുഖം തുറന്നത്. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണക്കടത്തിലും ഹവാല ഇടപാടുകളിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇക്കാര്യം തന്നെ അറിയിക്കാത്തത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ ആദ്യവെടി പൊട്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *