പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ വന്‍ പ്രതിഷേധവുമായി സി പി എം പ്രവര്‍ത്തകര്‍. നിലമ്പൂരും എടവണ്ണയിലും എടക്കരയിലുമെല്ലാമാണ് പ്രതിഷേധം അരങ്ങേറിയത്. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. ജില്ലയിലെ സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. അന്‍വറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി. കക്കാനും മുക്കാനും വണ്‍മാന്‍ഷോ നടത്താനുമാണ് അന്‍വര്‍ പാര്‍ട്ടിയെ ഉപയോഗിച്ചെന്ന് പ്രതിഷേധ റാലിയില്‍ മുദ്രാവാക്യം ഉയര്‍ന്നു. ‘പൊന്നേ എന്ന് വിളിച്ച നാവ് കൊണ്ട് തന്നെ പോടാ’ എന്ന് വിളിക്കാന്‍ അറിയാമെന്നും അന്‍വര്‍ കുലംകുത്തിയാണെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. നേതാക്കള്‍ക്കെതിരെ തിരഞ്ഞാല്‍ കൈയ്യും കാലും വെട്ടുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. വരും ദിവസങ്ങളിലും അന്‍വറിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ മുന്നറിയിപ്പ്. ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അന്‍വറിനെ തള്ളി രംഗത്തെത്തിയിരുന്നു. അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയ്യിലെ കോടാലിയായി മാറിയെന്നായിരുന്നു എംവി ഗോവിന്ദന് വിമര്‍ശിച്ചത്. അന്‍വറിന്റെ പരാതികള്‍ പാര്‍ട്ടി പരിശോധിക്കുകയും നടപടി തുടങ്ങുകയും ചെയ്തിട്ടും പാര്‍ട്ടിയെ വിശ്വസിക്കാതെ അദ്ദേഹം മുന്നോട്ട് പോയെന്നാണ് ഗോവിന്ദന് വിമര്‍ശിച്ചത്. അച്ചടക്കം ലംഘിച്ചാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി അന്‍വറുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി. അതേസമയം പാര്‍ട്ടി സെക്രട്ടറിയുടെ പത്രസമ്മേളനത്തിന് പിന്നാലെ വീണ്ടും അന്‍വര്‍ സി പി എമ്മിനേയും മുഖ്യമന്ത്രിയേയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. താന്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും നീതിനിഷേധത്തിനെതിരെ ഇനിയും തന്റെ പോരാട്ടം തുടരുമെന്നുമായിരുന്നു അന്‍വര്‍ വ്യക്തമാക്കിയത്. സിപിഎമ്മില്‍ നേതൃത്വത്തെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും അന്‍വര്‍ ആവര്‍ത്തിച്ച് വിമര്‍ശിച്ചു. തന്റെ പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തിയത്. തന്നെ മനസിലാക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകും.
