NATIONAL NEWS

‘വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം വേണം’; പ്രധാനമന്ത്രി

എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ‘വികസിത് ഭാരത് 2047′ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ഒമ്പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടത്.. കേരളവും തമിഴ്നാടും ഉള്‍പ്പെടെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും മമത ബാനര്‍ജി ഇറങ്ങി പോവുകയും ചെയ്തതിന് ഇടയിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ പിന്തുണ തേടിയത്. നമ്മള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത്. 100 വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന മഹാമാരിയെ നമ്മള്‍ പരാജയപ്പെടുത്തി. നമ്മുടെ ജനങ്ങള്‍ ആവേശവും ആത്മവിശ്വാസവും നിറഞ്ഞവരാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വികസിത് ഭാരത് 2047 എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും. വികസിതമായ സംസ്ഥാനങ്ങള്‍ കൂടി ചേരുമ്പോള്‍ വികസിതമായ ഭാരമായി മാറും’ പ്രധാനമന്ത്രി മോദി പറഞ്ഞു.വികസിത് ഭാരത് 2047 ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് സജീവമായ പങ്ക് വഹിക്കാനാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വികസന വിഷയങ്ങളും നയപരമായ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.
എന്‍ഡിഎ സഖ്യകക്ഷി കൂടിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും നിരവധി പ്രതിപക്ഷ മുഖ്യമന്ത്രിമാരും ശനിയാഴ്ചത്തെ യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. നിതീഷിന് പകരം അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. അദ്ദേഹം പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ല. പ്രതിപക്ഷ നിരയില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തെങ്കിലും, ബംഗാളില്‍ കേന്ദ്ര ഫണ്ട് നിഷേധിക്കുന്ന വിഷയം ഉന്നയിച്ചപ്പോള്‍ മൈക്ക് നിശബ്ദമാക്കിയെന്ന് ആരോപിച്ച് അവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇവര്‍ക്ക് പുറമെ ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. കേന്ദ്ര ബജറ്റില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലായിരുന്നു ഈ ബഹിഷ്‌കരണം.

Leave a Reply

Your email address will not be published. Required fields are marked *