NATIONAL NEWS

ഇന്നും അര്‍ജുനെ കണ്ടെത്താനായില്ല; ഷിരൂരില്‍ മഴ;ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

കര്‍ണാടയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. നേരത്തെ പത്ത് മണി വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. അതേ സമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടക്കം മുതലെ വെറും പരാജയമാണെന്നാണ് കേരളത്തില്‍ നിന്ന് പോയ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേല്‍ പറഞ്ഞത്. ട്രക്ക് എവിടെയാണ് കൃത്യമായി ട്രാക്ക് ചെയ്തിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു. മൂന്ന് മണിവരെ തെറ്റായ രീതിയിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നിരുന്നത് എന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ആദ്യ ദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിച്ചതില്‍ തെറ്റുപറ്റിയെന്ന് കുടുംബം പറഞ്ഞു. ഇപ്പോഴുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്ന് അര്‍ജുന്റെ അമ്മ പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടണമെന്നും നേരത്തെ അര്‍ജുന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കര്‍ണാടയിലെ ഷിരൂരില്‍ ദേശിയപാതിയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ലോറിക്കൊപ്പം അര്‍ജുനെ കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *