NATIONAL NEWS

ബിജെപി സ്വയം കുഴിതോണ്ടിയെന്ന് വിജയശാന്തി; രാജിവയ്ക്കാൻ കാരണം വിശദീകരിച്ച് നടി

നടി വിജയശാന്തി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം വിജയശാന്തി മാധ്യമങ്ങളോട് സംസാരിച്ചു. എന്താണ് ബിജെപി വിടാൻ കാരണമെന്ന് അവർ വിശദീകരിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെയാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. ബിജെപിയിൽ ടിക്കറ്റ് കിട്ടാത്തത് കാരണമാണ് കളംമാറ്റമെന്ന് ആരോപണമുണ്ട്. എന്നാൽ ഇതെല്ലാം താരം തള്ളുന്നു. ബിജെപിയും തെലങ്കാന ഭരണകക്ഷിയായ ബിആർഎസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് വിജയശാന്തി പറയുന്നു. പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ച നേതാവാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആർ). അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി രംഗത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ ബിജെപി വാക്ക് പാലച്ചില്ല. അതാണ് രാജിവയ്ക്കാൻ കാരണം. കോൺഗ്രസ് ബിജെപിക്കും ബിആർഎസിനും എതിരാണെന്നും വിജയശാന്തി പറഞ്ഞു. ബിജെപിയും ബിആർഎസും പരസ്യമായി പോരടിക്കുമെങ്കിലും അവർ തമ്മിൽ രഹസ്യധാരണയുണ്ടെന്ന് വിജയശാന്തി ആരോപിച്ചു. തെലങ്കാനയ്ക്ക് വേണ്ടി പ്രവർത്തിച്ചവരെ വിഡ്ഡികളാക്കുകയാണ് ഇരുപാർട്ടികളും. കെസിആറിനെതിരെ കോൺഗ്രസ് പോരാടുമെന്നാണ് പ്രതീക്ഷ. കൊള്ളയടിച്ച പണം കണ്ടെത്തി ജനങ്ങൾക്ക് വിതരണം ചെയ്യുമെന്നും വിജയശാന്തി പറഞ്ഞു. തെലങ്കാനയിൽ ബിജെപി സ്വയം കുഴി തോണ്ടികയാണെന്ന് വിജയശാന്തി ആരോപിച്ചു. ബണ്ടി സഞ്ജയിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ബിജെപിയുടെ തെറ്റായ നടപടിയാണ്. അതോടെയാണ് സംസ്ഥാനത്ത് ബിജെപി പിന്നാക്കം പോയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബണ്ടി സഞ്ജയിയെ മാറ്റരുതെന്ന് താൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിജയശാന്തി വെളിപ്പെടുത്തി. ബിജെപി എംഎൽഎ ഈറ്റല രാജേന്ദർ ആണ് ബണ്ടി സഞ്ജയിയെ മാറ്റാൻ വേണ്ടി കളിച്ചത്. ഈറ്റല രാജേന്ദർ കെസിആറിന്റെ നിർദേശ പ്രകാരമാണ് കരുനീക്കം നടത്തിയത്. ഈറ്റലക്കെതിരായ ഭൂമി കൈയ്യേറ്റ കേസ് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവെന്ന് നോക്കിയാൽ മതിയെന്നും വിജയശാന്തി ചൂണ്ടിക്കാട്ടി. നേരത്തെ ബിആർഎസിലും കോൺഗ്രസിലും പ്രവർത്തിച്ച ശേഷമാണ് വിജയശാന്തി ബിജെപിയിൽ ചേർന്നത്. ഇപ്പോൾ രാജിവച്ച് വീണ്ടും കോൺഗ്രസിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കോൺഗ്രസ് വ്യത്യസ്തമായ പ്രചാരണമാണ് നടത്തുന്നത്. കെസിആറിനെയും മോദിയെയും രണ്ടു വശങ്ങളിലായി കോയിൻ പുറത്തിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ബിജെപിയും ബിആർഎസും ഒരേ നിലപാടുകാരാണ് എന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ഇത്തവണ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സർവേകൾ. ഈ മാസം 30നാണ് തെലങ്കാന വോട്ടെടുപ്പ്. ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *