പാണത്തൂർ : ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെന്റ് വച്ച ആളുകളുടെ ലിസ്റ്റ് ഹഡ്‌കോയ്ക്ക് അയക്കാതെ പണം നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പനത്തടി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പഞ്ചായത്തിലെ ഒന്നാം വാർഡ് മുതൽ ആറാം വാർഡ് വരെയുള്ള 58 കുടുംബങ്ങൾക്കാണ് ആദ്യ ഗഡു ലഭിക്കാത്തത്. മറ്റു വാർഡുകളിൽ പെട്ട ഗുണഭോക്താക്കൾക്ക് പണം കിട്ടിയിട്ടും ഈ വാർഡുകളിലെ ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് ഭരണസമിതിയുടേയും, ചില ഉദ്യോഗസ്ഥരുടേയും അനാസ്ഥ മൂലമാണ് പണം നഷ്ടമായത് എന്നാരോപിച്ചായിരുന്നു സമരം. ഈ വാർഡുകളിലെ ഗുണഭോക്താക്കൾക്ക് പണം കിട്ടാത്തതിനെ കുറിച്ച് അന്യേഷിച്ചപ്പോഴാണ് ഇവരുടെ ലോൺ അപേക്ഷ വായ്പയ്ക്കായി ഹഡ്‌കോയിൽ സമർപ്പിച്ചിട്ടില്ല എന്ന് അറിയുന്നത്.. 2017 ലെ ലിസ്റ്റ് പ്രകാരം പനത്തടി പഞ്ചായത്തിലെ 605 ആളുകളാണ് ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കളായി ഉള്ളത്. നിർവ്വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ മുഖാന്തിരം എഗ്രിമെന്റ് വച്ച ഏഴ് മുതൽ പതിനഞ്ചാം വാർഡ് വരെയുള്ള 140 ഗുണഭോക്താക്കൾക്ക് ആദ്യ ഗഡുവായ തൊണ്ണൂറായിരം രൂപ ലഭിച്ചു. എന്നാൽ നിർവ്വഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മുമ്പാകെ എഗ്രിമെന്റ് വച്ച 58 പേരുടെ വിവരങ്ങൾ പഞ്ചായത്ത് അധികൃതർ ഹഡ്‌കോയ്ക്ക് സമർപ്പിക്കാത്തതിനാൽ ഇവർക്ക് ഒന്നാം ഗഡുവായ തൊണ്ണൂറായിരം രൂപ ലഭിച്ചിട്ടില്ല. കൂടാതെ എഗ്രിമെന്റ് വച്ചിട്ടും വിവിധ കാരണങ്ങളാൽ പഞ്ചായത്ത് മാറ്റി വച്ച 45 ആളുകൾക്കും ഒന്നാം ഗഡു ലഭിച്ചിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി പഞ്ചായത്ത് ബോർഡ് വിളിച്ച് ചേർത്ത് വിഷയം ചർച്ച ചെയ്യണമെന്നും, ഭവന പദ്ധതിയിൽ എഗ്രിമെന്റ് വച്ച മുഴുവൻ ആളുകൾക്കും അടിയന്തിരമായി ഒന്നാം ഗഡു അനുവദിക്കണം എന്നുമാണ് പ്രതിപക്ഷ മെമ്പർമാരുടെ ആവശ്യം. അല്ലാത്ത പക്ഷം പഞ്ചായത്ത് ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് പ്രതി പക്ഷ മെമ്പർമാരുടെ തീരുമാനം. പ്രതിപക്ഷ മെമ്പർമാരായ കെ.ജെ ജയിംസ്, കെ.കെ വേണുഗോപാൽ, എൻ വിൻസന്റ്, പ്രീതി കെ.എസ്, രാധാ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പണം ലഭിക്കാത്ത ചില ഗുണഭോക്താക്കളും സമരത്തിനെത്തിയിരുന്നു.
