‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യനീക്കങ്ങൾക്ക് തിരിച്ചടി നൽകി ബംഗാളിൽ തൃണമൂലുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് സി പി എം. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും കേരളത്തിൽ കോൺഗ്രസുമായും സഖ്യത്തിന് തയ്യാറല്ലെന്നാണ് സി പി എം വ്യക്തമാക്കിയത്. മുന്നണിയുടെ ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധി വേണ്ടെന്നും ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി. ‘തീരുമാനം ഒരിക്കലും ഐക്യത്തിന് തടസമാകുന്നില്ല. എന്നാൽ സഖ്യത്തിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്’,സി പി എം നേതാവ് നിലോത്പൽ ബസു പറഞ്ഞു. ‘ ബംഗാളിൽ പോരാട്ടം തൃണമൂലിനോടും ബി ജെ പിയോടും ആണെന്ന് ബെംഗളൂരിൽ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് മുൻപേ തന്നെ സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കിയതാണ്.കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് പോരാട്ടം. ദേശീയ തലത്തിൽ അല്ല മറിച്ച് സംസ്ഥാന തലത്തിൽ മാത്രമാണ് സമവായങ്ങൾ നടത്താൻ കഴിയുക’, അദ്ദേഹം പറഞ്ഞു. അതേസമയം ‘ഇന്ത്യ’സഖ്യത്തിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി സി പി എം പ്രവർത്തിക്കുമെന്നായിരുന്നു പിബി യോഗത്തിന് ശേഷമുള്ള വാർത്താക്കുറിപ്പിൽ സിപിഎം വ്യക്തമാക്കിയത്. ‘ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവം, ഭരണഘടന, ജനാധിപത്യം, ജനങ്ങളുടെ മൗലികാവകാശങ്ങൾ, പൗരസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യാ ബ്ലോക്കിന്റെ കൂടുതൽ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി പ്രവർത്തിക്കാൻ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. രാജ്യത്തുടനീളം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ ജനങ്ങളെ അണിനിരത്താനും തീരുമാനമായി’, സിപിഎം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഏകോപന സമിതിയിൽ സി പി എം എതിർപ്പ് പ്രകടിപ്പിച്ചു. എല്ലാ തീരുമാനങ്ങളും ഘടകകക്ഷി നേതാക്കൾ എടുക്കുമ്പോൾ, അത്തരം തീരുമാനങ്ങൾക്ക് തടസ്സമാകുന്ന ഒരു സംഘടനാ സംവിധാനങ്ങളും സഖ്യത്തിൽ ഉണ്ടാകരുതെന്നായിരുന്നു സി പി എം പ്രസ്താവനയിൽ പറഞ്ഞത്.
