NATIONAL NEWS

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റ് പ്രത്യേക സമ്മേളനം നിയമനിർമ്മാണം നടത്തിയേക്കും

ഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവന്നേക്കുമെന്ന് സൂചന. പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തതിന് പിന്നിലുള്ള അജണ്ടകൾ എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനിടയിലാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്.്. ഏക സിവിൽ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ് നേരത്തേ പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. മമത ബാനർജി അടക്കമുള്ള നേതാക്കളായിരുന്നു പ്രതികരിച്ചത്. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ് എന്ന ആശയം നടപ്പാക്കുന്നത് സംബന്ധിച്ച് നേരത്തേ തന്നെ കേന്ദ്രസർക്കാർ നീക്കം നടത്തിയിരുന്നു. ഒരു ദിവസം തിരഞ്ഞെടുപ്പ് നടത്തുന്നത് ഖജനാവിന് ലാഭമുണ്ടാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. അതേസമയം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടനയിൽ ഭേദഗതി വരുത്തേണ്ടി വരും. പാർലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകൾ പിരിച്ചുവിടൽ, ലോക്‌സഭ പിരിച്ചുവിടൽ, സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഇവ സംബന്ധിച്ചായിരിക്കും ഭേദഗതി വരുത്തേണ്ടി വരിക. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. ഫലപ്രദമായ ചർച്ചകൾ നടത്താനാണ് സമ്മേളനം എന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ് പ്രതിപക്ഷ സഖ്യം. സീറ്റ് വിഭജനം അടക്കമുള്ള വിഷയങ്ങളിൽ വേഗം തീരുമാനം കൈക്കൊണ്ടേക്കും. ഇന്ത്യ മുന്നണിയുടെ യോഗം മുംബൈയിൽ നടക്കുകയാണ്. ഇന്ന് ആരാകും സഖ്യത്തിന്റെ കൺവീനർ എന്നത് ബംന്ധിച്ച് തീരുമാനം ഉണ്ടായേക്കും. നിതീഷ് കുമാറോ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോ ആയിരിക്കും സഖ്യത്തെ നയിച്ചേക്കുകയെന്നാണ് സൂചന. കോൺഗ്രസ് തന്നെ മുന്നണിയെ നയിക്കണമെന്നതാണ് മുസ്ലീം ലീഗ്, ശിവസേന അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *