ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ പരാജയപ്പെട്ടു. ശബ്ദവോട്ടോടെയാണ് പ്രമേയത്തെ സഭ തള്ളിയത്. അതേസമയം പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കണമെന്ന ആവശ്യം നേടിയെടുക്കാൻ പ്രതിപക്ഷത്തിനായി. എന്നാൽ 2 മണിക്കൂർ 13 മിനുട്ട് നീണ്ടു നിന്ന പ്രസംഗത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായിട്ടാണ് പ്രധാനമന്ത്രി വിമർശിച്ചത്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോവുകയും ചെയ്തു. മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കാൻ വൈകിയതിനെ തുടർന്നായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. അതേസമയം പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ ലോക്സഭ നാളേക്ക് പിരിഞ്ഞു. പ്രസംഗത്തിനിടെ സഭയിൽ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. പ്രതിപക്ഷത്തിന് തന്റെ മറുപടി കേൾക്കാനുള്ള ക്ഷമയില്ലെന്ന് മോദി ആരോപിച്ചു. ആദ്യ ഒന്നര മണിക്കൂർ ഇന്ത്യാ സഖ്യത്തെയും, കോൺഗ്രസിനെയും, രാഹുൽ ഗാന്ധിയെയും വിമർശിക്കാനാണ് മോദി ഉപയോഗിച്ചത്. ഇതോടെ പ്രതിപക്ഷം ഇറങ്ങി പോയി. തുടർന്ന് പ്രതിപക്ഷത്തിന്റെ സമ്പദ് ഘടനയോടുള്ള സമീപനത്തെ പ്രധാനമന്ത്രി വിമർശിക്കുകയും ചെയ്തു.
