പാണത്തൂർ: പഞ്ചായത്ത് ഭരണസമിതിയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ യോഗത്തിൽ നിന്നും പുറത്താക്കി.ഇന്ന് പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ഓൺലൈൻ പത്രമായ ഗ്രാമശബ്ദത്തിന്റെ പ്രതിനിധിയെയാണ് ഭരണകക്ഷി പുറത്താക്കിയത്.യോഗത്തിലിരിക്കാൻ പ്രസിഡന്റിന്റെ അനുമതിയില്ലെന്ന് കാരണം നിരത്തിയാണ് മാധ്യമ പ്രവർത്തകനെ പുറത്താക്കിയത്. അടുത്തിടെയാണ് ഗ്രാമശബ്ദം ഓൺലൈൻ പത്രം തുടങ്ങിയത്.കഴിഞ്ഞ മാസം 31ന് നടന്ന ഭരണസമിതിയോഗത്തിലെത്തി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉന്നയച്ച് ചില ആരോപണങ്ങൾ അന്ന് വാർത്തയായിരുന്നു.
ഭരണസമിതി യോഗങ്ങളിൽ മാധ്യമപ്രവർത്തകരെ അനുവദിച്ചാൽ ഭരണസമിതിയുടെ അറിവോടെയും അല്ലാതെയും പഞ്ചായത്തിൽ നടക്കുന്ന പല വികസന വിരുദ്ധ പ്രവർത്തനങ്ങളും ക്രമക്കേടുകളും പ്രതിപക്ഷം ഉന്നയിക്കുമ്പോൾ അത് പുറത്താകുമെന്ന ഭയമാണ് മാധ്യമ പ്രവർത്തകനെ യോഗത്തിൽ നിന്നും പുറത്താക്കാനുണ്ടായ കാരണമെന്ന് കരുതുന്നു.
ഭരണകക്ഷിയിലെ ചിലർ ചേർന്നെടുത്ത തീരുമാനമാണിതിന് പിന്നിലെന്ന് വിവരമുണ്ട്. മാധ്യമ പ്രവർത്തകർ ഭരണസമിതിയോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ലെങ്കിൽ അതിനുളള ഉത്തരവിന്റെ കോപ്പി ആവശ്യപ്പെട്ടെങ്കിലും സെക്രട്ടറിക്കും പ്രസിഡന്റിനും മിണ്ടാട്ടമില്ലായിരുന്നു.
ഇക്കാര്യത്തിൽ ഭരണകക്ഷിയിലെ ഭൂരിഭാഗം അംഗങ്ങളും ഒറ്റക്കെട്ടായി.ഇതേ മാധ്യമ പ്രവർത്തകൻ കഴിഞ്ഞ കുറേ വർഷങ്ങളായി മാധ്യമ പ്രവർത്തന രംഗത്തുണ്ട്. ഇപ്പോൾ ഭരണസമിതിയുലെ ഭരണപക്ഷത്തുളള ചിലർ മുമ്പ് പഞ്ചായത്ത് ഭരണസമിതികളിൽ ഉണ്ടായിരുന്നവരാണ്.ആ ഘട്ടത്തിൽ മറ്റ് പല മാധ്യമങ്ങൾക്കായി റിപ്പോർട്ട് ചെയ്യാൻ പുറത്താക്കപ്പെട്ട മാധ്യമ പ്രവർത്തകൻ മിക്ക ഭരണസമിതി യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇവരൊക്കെയും ഇയാളെ അറിയില്ലെന്നും യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നുമാണ് വിളിച്ചു പറഞ്ഞത്.എന്തു നുണ പറഞ്ഞാണെങ്കിലും മാധ്യമങ്ങളെ ഭരണസമിതി യോഗങ്ങളിൽ നിന്നും വിലക്കണമെന്ന മുൻകൂട്ടിയുളള ധാരണയാണ് പലരെകൊണ്ടും ഇങ്ങനെ പറയിച്ചത്.
മറ്റ് പലകാരങ്ങൾകൊണ്ടും മലയോരത്തെ മറ്റ് മാധ്യമ പ്രവർത്തകരെ പഞ്ചായത്തിൽ നിന്നും അകറ്റി നിർത്തിയിട്ട് കാലങ്ങളായി. അതുകൊണ്ട് തന്നെ പഞ്ചായത്തിൽ നടക്കുന്ന പല വികസ പ്രവർത്തനങ്ങളും ആനുകൂല്യങ്ങളും ജനങ്ങൾ അറിയാതെ പോകുന്നു.ഇത് നാളെ ഭരണസമിതിക്കുതന്നെ തിരിച്ചടിയാകുമെന്നുറപ്പാണ്.
ഭരണസമിതി കാട്ടുന്ന വികസന വിരുദ്ധ പ്രവർത്തികൾ ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങൾ മുതിരുന്നത് ഏതൊരു ഭരണപക്ഷത്തിനും താല്പര്യമുളളകാര്യമല്ല. ഇതാണ് ഇത്തരം ചെയ്തികളിലേക്ക് ഇവരെ നയിക്കുന്നതും.5 വർഷത്തെ !രു പഞ്ചായത്ത് ഭരണം കൊണ്ട് എല്ലാമായെന്ന് ചിന്തിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. ഞങ്ങൾ മാധ്യമ പ്രവർത്തകർ പിന്നീടും ദീർഘനാൾ ഇവിടെ തന്നെയുണ്ടാകുമെന്നത് .
പഞ്ചായത്തിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയ ഭരണകക്ഷിയുടെ പ്രവർത്തിയിൽ പ്രതിപക്ഷ അംഗങ്ങളായ എൻ.വിൻസെന്റ്, കെ.കെ.വേണുഗോപാൽ, പ്രീതി എന്നിവർ യോഗത്തിൽ പ്രതിഷേധമറിയിച്ചു.