NATIONAL NEWS

മധ്യപ്രദേശിൽ കോൺഗ്രസിന് 146 സീറ്റുകൾ വരെ ലഭിക്കും; ബിജെപിയെ ഞെട്ടിച്ച് സർവ്വേ ഫലം

ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് അഭിപ്രായ സർവ്വേ ഫലം. കോൺഗ്രസിന് കൂറ്റൻ വിജയം പ്രവചിക്കുന്ന സീ ന്യൂസ് ഫലമാണ് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ 146 സീറ്റുകൾ വരെയാണ് കോൺഗ്രസിന് സർവ്വെ പ്രവചിക്കുന്നത്. ബിജെപി 84 മുതൽ 98 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പറയുന്നു. മറ്റ് പാർട്ടികൾക്ക് 5 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസിന് 46 ശതമാനം വോട്ടുകളും ബി ജെ പിക്ക് 43 ശതമാനം വോട്ടുകളും സർവ്വേ പ്രവചിക്കുന്നു. 11 ശതമാനം വോട്ടുകൾ മറ്റ് പാർട്ടികൾ നേടുമെന്നും സർവ്വെ പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് കോൺഗ്രസിനായിരുന്നു അഭിപ്രായ സർവ്വേകൾ മുൻതൂക്കം പ്രവചിച്ചിരുന്നത്. എന്നാൽ പിന്നീട് സ്ഥിതി മാറി. ബി ജെ പി മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു ഫലങ്ങൾ. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കാറായതോടെ വീണ്ടും കോൺഗ്രസിന് അനുകൂലമായ വിധിയാണ് സർവ്വേകൾ പ്രവചിക്കുന്നത്. ഇതോടെ എന്ത് വില കൊടുത്തും അധികാരം നിലനിർത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബി ജെ പി. അയോധ്യ രാമക്ഷേത്രം നിർമ്മാണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് ബി ജെ പി പ്രചരണം കടുപ്പിക്കുന്നത്. ജാതി സെൻസസ് വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തുന്ന പ്രചരണങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ എത്തിച്ച് വരും ദിവസങ്ങളിൽ വലിയ പ്രചരണം നടത്താനും ബി ജെ പി കോപ്പ് കൂട്ടുന്നുണ്ട്. സംസ്ഥാനത്ത് 230 സീറ്റുകളാണ് ഉള്ളത്. 116 സീറ്റുകളാണ് ഭൂരിപക്ഷം നേടാൻ ആവശ്യം. കഴിഞ്ഞ തവണ 114 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. കോൺഗ്രസ് അധികാരത്തിൽ വന്നപ്പോഴൊക്കെ അവർ നേരിയ ഭൂരിപക്ഷത്തിൽ മാത്രമാണ് ഭരണം പിടിച്ചത്. അതിനാൽ തന്നെ ഇത്തവണയും അട്ടിമറി വിജയമൊന്നും കോൺഗ്രസിന് നേടാൻ കഴിയില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. അവസാന ഘട്ടത്തിൽ പന്ത് തങ്ങളുടെ കോർട്ടിൽ തന്നെ എത്തുമെന്ന ആത്മവിശ്വാസവും നേതാക്കൾ പ്രകടിപ്പിക്കുന്നു. നവംബർ ഏഴിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണു വോട്ടെണ്ണൽ. ബി ജെ പിയാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്. ഇത്തവണ എന്ത് വിലകൊടത്തും ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *